കോഴിക്കോട്: നഗരസുരക്ഷക്കായി രാപ്പകലില്ലാതെ റോന്ത്ചുറ്റുന്ന പൊലീസ് വാഹനങ്ങൾ മിക്കതും ഓടിത്തളർന്നവ. സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിലെ വാഹനങ്ങളാണ് പരിതാപകരമായ അവസ്ഥയിലുള്ളത്. ആകെ സർവിസ് നടത്തുന്ന 13 വാഹനങ്ങളിൽ മൂന്നെണ്ണം മാത്രമാണ് മികവാർന്നതെന്നും മൂന്നെണ്ണം കണ്ടംചെയ്യാൻ സമയമായതാണെന്നുമാണ് പൊലീസുകാർ തന്നെ പറയുന്നത്. ബോഡി തുരുമ്പെടുത്തതും ടയറുകൾ മൊട്ടയായതുമടക്കമുള്ള വാഹനങ്ങൾ അപകടാവസ്ഥയിലും സർവിസ് തുടരുകയാണ്. കാലപ്പഴക്കവും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് വാഹനങ്ങളുടെ ‘കണ്ടീഷൻ’ മോശമാക്കിയത്. മുഖ്യമന്ത്രി, ഗവർണർ, മന്ത്രിമാർ അടക്കമുള്ള വി.ഐ.പികൾക്ക് എസ്കോർട്ട് പോകുമ്പോൾ ജീവൻ പണയംവെച്ചാണ് ഈ വാഹനങ്ങൾ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്. ക്ലച്ച്, സ്റ്റിയറിങ് എന്നിയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പോലും നടക്കുന്നില്ല. വി.ഐ.പി വാഹനത്തിന് അകമ്പടി ഡ്യൂട്ടി ലഭിച്ചാൽ അമിത വേഗതയിൽ പോവുകയും വേണം.
രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ, രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ എന്നിങ്ങനെ രണ്ട് ഷിഫുറ്റുകളായാണ് സാധാരണ പട്രോളിങ്. ജീവനക്കാർ മാറുമെങ്കിലും വാഹനം 24 മണിക്കൂറും സർവിസ് നടത്തുകയാണ്.
വാഹനങ്ങളുടെ പരിതാപകരമായ അവസ്ഥ കൺട്രോൾ റൂമിലെ പൊലീസുകാരിൽ ചിലർ സിറ്റി പൊലീസ് മേധാവി ടി. നാരായണന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും 13 വാഹനങ്ങൾ നിർബന്ധമായും പട്രോളിങിന് പോകണമെന്ന നിലപാടാണുണ്ടായത്. വാഹനങ്ങളുടെ പരിതാപകരാമയ അവസ്ഥ സംബന്ധിച്ച് പൊലീസുകാർക്കിടയിലെ വാട്സ്ആപ് ഗ്രൂപ്പുകളിലും വിമർശനങ്ങളുയർന്നിട്ടുണ്ട്.
നഗരപരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. പലതും കണ്ടം ചെയ്യാനായ മട്ടിലാണ്. അതേസമയം ഇൻസ്പെക്ടർമാരുടെ വാഹനം മിക്കതും പുതിയതാണ്.