Local News

മലാപ്പറമ്പ്- തൊണ്ടയാട് സര്‍വീസ് റോഡ് വണ്‍വേയാക്കല്‍: എതിര്‍പ്പറിയിച്ച് നാട്ടുകാര്‍

Nano News

കോഴിക്കോട്: മലാപ്പറമ്പ് മുതല്‍ തൊണ്ടയാട് വരെയുള്ള സര്‍വീസ് റോഡ് വണ്‍വേ ആക്കാനുള്ള നീക്കം പ്രദേശവാസികളുടെ യാത്രാസൗകര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്ത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് വെസ്റ്റ് ഏരിയ റെസിഡന്റ്‌സ് അസോസിയേഷന്‍ (സ്വരം) സിറ്റി ട്രാഫിക് കമ്മിഷണര്‍ക്ക് നിവേദനം നല്‍കി.
ഇഖ്റ ആശുപത്രി മുതല്‍ പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് സര്‍വീസ് സെന്റര്‍ വരെയുള്ള പ്രദേശത്തെ താമസക്കാര്‍ ദൈനംദിന യാത്രകള്‍ക്കായി പ്രധാനമായും ഈ സര്‍വീസ് റോഡിനെയാണ് ആശ്രയിക്കുന്നതെന്ന് നിവേദനത്തില്‍ പറയുന്നു. സര്‍വീസ് റോഡ് വണ്‍വേ ആക്കിയാല്‍ വാഹനഗതാഗതം ഉള്‍റോഡുകളിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്നും ഇതുമൂലം ഇടുങ്ങിയ ഉള്‍റോഡുകളില്‍ ഗതാഗതക്കുരുക്കും യാത്രാബുദ്ധിമുട്ടുകളും വര്‍ധിക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങള്‍ക്കും ഇത് പ്രയാസമുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.
അസോസിയേഷനിലെ ഏകദേശം 150 കുടുംബങ്ങളെ പ്രതിനിധീകരിച്ചാണ് നിവേദനം സമര്‍പ്പിച്ചത്. പ്രദേശവാസികളുടെ ക്ഷേമവും യാത്രാസൗകര്യവും പരിഗണിച്ച് വണ്‍വേ നിര്‍ദേശത്തില്‍ പുനഃപരിശോധന നടത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജെഫ്രി ഹെന്റിയും സെക്രട്ടറി ജ്യോതി ഹരീഷും ആവശ്യപ്പെട്ടു.

 


Reporter
the authorReporter

Leave a Reply