കോഴിക്കോട്:കേരളത്തിന്റെ തനത് കലാ-സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി കോഴിക്കോട് നഗരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ പേരിട്ടിരിക്കുന്ന വന്‍കിട പദ്ധതിക്കായി 50 കോടി രൂപയാണ് വകയിരുത്തിയത്. കോഴിക്കോടിന്റെ സാംസ്‌കാരിക ടൂറിസത്തിന് വലിയ സംഭാവനയാകുന്ന ഈ പാര്‍ക്കിന്റെ നടത്തിപ്പിനായി പ്രത്യേക ‘കള്‍ച്ചറല്‍-ടൂറിസം ട്രസ്റ്റ്’ രൂപീകരിക്കും.
കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകള്‍ എന്നിവ അവതരിപ്പിക്കാനുള്ള വേദികള്‍, പുതിയ തലമുറയിലെ (ജെന്‍സി) കുട്ടികള്‍ക്കായി ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി പ്രദര്‍ശന സൗകര്യങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ലൈബ്രറി, ആര്‍ട്ട് ഗാലറി, ചരിത്ര-സാഹിത്യ മ്യൂസിയങ്ങള്‍, പ്രശസ്ത എഴുത്തുകാരുടെയും പ്രതിഭകളുടെയും ശബ്ദ മ്യൂസിയം, കുടുംബമായി സമയം ചെലവഴിക്കാനുള്ള ഇടങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, ബുക്ക് ഷോപ്പുകള്‍, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ക്കാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
ചലച്ചിത്ര സാംസ്കാരിക പ്രവർത്തകൻ സുധീർ അമ്പലപ്പാട് ,എം.ടിയുടെ മകൾ അശ്വതി ശ്രീകാന്ത് എന്നിവർ മുൻ എംഎൽഎ ഡോ.എം.കെ മുനീർ മുഖാന്തരം സമർപ്പിച്ച പദ്ധതി സർക്കാർ അംഗീകരിച്ച് ബജറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.










