കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സീലിങ് തകർന്ന് വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥക്കെതിരെ യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് എം. വിജിത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ അപകടം നടന്ന സ്ഥലം സന്ദർശിക്കുകയും സ്റ്റേഷൻ മാസ്റ്ററെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ, യാത്രക്കാർക്ക് പരിക്കേറ്റ ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടുപോലും സ്റ്റേഷൻ മാസ്റ്റർ അത് അറിഞ്ഞിരുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. തുടർന്ന് എ.ടി.ഒ (ATO) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കണ്ട് പരാതിപ്പെടാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും അധികൃതർ അതിന് തയ്യാറായില്ല.
രണ്ട് മാസങ്ങൾക്ക് മുൻപും ഇതേ രീതിയിൽ ഇവിടെ സീലിങ് തകർന്ന് വീണിരുന്നു എന്നിട്ടും യാതൊരുവിധ പുനർനിർമാണ പ്രവർത്തനങ്ങളോ സുരക്ഷാ പരിശോധനകളോ നടത്താൻ കെ.എസ്.ആർ.ടി.സി അധികൃതർ തയ്യാറായില്ല. ഈ കടുത്ത അനാസ്ഥയാണ് ഇപ്പോൾ രണ്ട് യാത്രക്കാരുടെ ചോര വീഴാൻ കാരണമായതെന്ന് യുവമോർച്ച ആരോപിച്ചു.
ദിവസേന പതിനായിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ജനങ്ങളുടെ ജീവന് യാതൊരുവിധ സുരക്ഷയുമില്ലാത്ത അവസ്ഥയാണ്. അധികൃതരുടെ കണ്ണുതുറപ്പിക്കാൻ ബസ് സ്റ്റാൻഡിനകത്ത് ഇരുന്ന് സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പ്രതിഷേധ സമരത്തിന് യുവമോർച്ച നേതാക്കളായ റിബിത്ത് മാങ്കാവ്, ബിപിൻ കൃഷ്ണൻ, സുജിത്ത് നടക്കാവ്, കിരൺ അറക്കൽ, ഇ.പി. സുജീഷ്, ജിഷ്ണു കോട്ടൂളി, എം. സനൂപ്, ബബീഷ്, പ്രബിൻ തുടങ്ങിയവർ നേതൃത്വം നൽകി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച ജില്ലാ നേതൃത്വം അറിയിച്ചു.













