ബാലുശേരി:ഗോൾ വേട്ടക്കാരൻ റൊണാൾഡോയുടെ ചടുചലനങ്ങളും നെയ്മറിന്റെ സുന്ദര ഫുട്ബോളും ലോകകപ്പിൽ ഇനിയില്ല, ആരാധകരുടെ നെഞ്ചകം തകർത്ത് ബ്രസിലും പോർച്ചുഗലും ജർമനിയും ഹോളണ്ടും പടിയിറങ്ങി. മൈതാനങ്ങളെ തീ പിടിപ്പിച്ച് മെസിയും എംബപെയും ഹാളണ്ടും കളം നിറയുമ്പോൾ ഇവിടെ ആരവം പരകോടിയിലാണ്. ഇതിഹാസങ്ങൾ തുകൽ പന്തിനാൽ കവിത രചിക്കുമ്പോൾ തൃക്കുറ്റിശേരിയെന്ന നാടും അതിനൊപ്പം ചുവടു വെക്കുകയാണ്. ഇനി ആറുമത്സരങ്ങൾ മാത്രം. കളിക്കളങ്ങളെ ലഹരിയായി കാണുന്ന ഫുട്‌ബോൾ പ്രേമികൾക്കായി ‘പുസ്‌തകക്കൂട്’ വായനശാല ഒരുക്കിയ ബിഗ് സ്ക്രീൻ പ്രദർശനത്തിന് തിരക്കേറുകയാണ്. അഞ്ഞൂറോളം പേർക്ക് ഒരുമിച്ചിരുന്നു കാണാവുന്ന രീതിയിലാണ് പ്രദർശനമൊരുക്കിയത്.
ഒരുമാസമായി ഉറക്കമൊഴിച്ചും അതിരാവിലെ ഉണർന്നും ഈ ഗ്രാമം ആ പന്തിന് പിറകെയാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുമിച്ചിരുന്നാണ് ലോകകപ്പാരവം തീർക്കുന്നത്. വിവിധ രാജ്യങ്ങളുടെ ജഴ്‌സിയണിഞ്ഞ് കുട്ടികളെത്തുന്പോൾ മുതിർന്നവർക്കത് ബാല്യകാലങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്. നാട്ടിൽ വൈദ്യുതിയെത്തിയ ശേഷം നടന്ന ആദ്യലോകകപ്പ് 1990 ലായിരുന്നു. അന്നുമുതൽ ഇതുവരെയുള്ള ലോകകപ്പ് ഇൗ നാട്ടുകാർ ശരിക്കും ആസ്വദക്കുകയായിരുന്നു.
പലരുടെയും ഇഷ്ട ടീമുകൾ പുറത്തായെങ്കിലും ആരാധകരുടെ ആവേശത്തിനൊട്ടും കുറവില്ല. കളിയുടെ ജയവും പരാജയവും മുൻ നിർത്തി ചർച്ചകളും സജീവമാണ്. ഈജിപ്തിന്റെ തോൽവിയും അർജന്റീനയുടെ വിജയവും അംഗീകരിക്കാതെ ഫിഫയെ പഴിക്കുന്ന ആരാധകർ എതിരാളികൾക്കൊപ്പം ചേരുന്നതോടെ വാദപ്രതിവാദങ്ങളും മുറുകുകയാണ്. മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം മുതൽ ഫൈനൽ വരെ ആവേശം ഒട്ടും ചോരാതെ തത്സമയം ആരാധകരിലേക്ക് എത്തിക്കുകയാണ് സംഘാടകർ.
അർജന്റീനയുടെയും ബ്രസിലിന്റെയും വലിയ ബോർഡുകൾക്കൊപ്പം വിവിധ രാജ്യങ്ങളുടെ കൊടികളും ബാനറുകളുയർത്തിയുമാണ് ഈ ഗ്രാമം ലോകകപ്പിനെ വരവേറ്റത്. ഷൂട്ടൗട്ട്, ലോകകപ്പ് ക്വിസ് എന്നിവയും ഇതിന്റെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും വായനശാലയുടെ നേതൃത്വത്തിൽ പാലോളി മുക്കിൽ ബിഗ് സ്ക്രീൻ പ്രദർശനമൊരുക്കിയിരുന്നു.










