Wednesday, November 6, 2024
Local News

കൊടുവള്ളി സബ് രജിസ്ട്രാർ, നരിക്കുനി പഞ്ചായത്ത് ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കണം: മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: കൊടുവള്ളി മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ താഴെത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നരിക്കുനി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് പ്രയാസം കൂടാതെ ഓഫീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു.

കൊടുവള്ളി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസും നരിക്കുനി ഗ്രാമപഞ്ചായത്തിലെ മൂന്നാം പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസും താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ് .

സബ് രജിസ്ട്രാർ ഓഫീസ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിലേക്ക് താൽക്കാലികമായി മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായിട്ടുണ്ട്. അതിനാവശ്യമുള്ള 50 ലക്ഷം രൂപ അടുത്തവർഷം അനുവദിക്കാമെന്ന് എംഎൽഎ അറിയിച്ചിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു. രജിസ്ട്രേഷനായി എത്തുന്ന വയോധികർക്കും ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കൊടുവള്ളി സബ് രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു.

വളരെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടമായതിനാൽ പഞ്ചായത്ത് കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് നരിക്കുനി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.മുകൾ നിലയിലുള്ള ഫ്രണ്ട് ഓഫീസ് താഴെത്തെ നിലയിലേക്ക് മാറ്റാൻ കഴിയില്ലെന്നും താഴെ നിലയിലെത്തുന്ന ഭിന്നശേഷികാർക്ക് മുകൾ നിലയിൽ ബന്ധപ്പെടുന്നതിന് ബെൽ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബെല്ലടിച്ചാൽ ആരും തിരിഞ്ഞുനോക്കാറില്ലെന്നും ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബെല്ലിൽ എത്തി പിടിക്കാൻ പ്രയാസമാണെന്നും പരാതിക്കാരനായ കേരള വികലാംഗ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മടവൂർ സൈനുദീൻ കമ്മീഷനെ അറിയിച്ചു.


Reporter
the authorReporter

Leave a Reply