Monday, November 4, 2024
General

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം


കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്.

കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ആ കുടുംബങ്ങൾക്കൊപ്പം തങ്ങൾ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി തന്നോട് അവിടേക്ക് എത്താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു.


Reporter
the authorReporter

Leave a Reply