കോഴിക്കോട്: നഗരത്തിലെ പറയഞ്ചേരി ആസ്ഥാനമാക്കി പതിനായിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് എൺപത് കോടിയിൽപ്പരം രൂപ തട്ടിയെടുത്ത മൈത്രി നിധി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതികൾ വാങ്ങിക്കൂട്ടിയ ഭൂമിയിൽ റവന്യു വിഭാഗം പരിശോധന നടത്തി. കണ്ണൂർ, വയനാട് ജില്ലകളിലെ പതിനായിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ചെലവിട്ടാണ് പ്രതികൾ 2023 ൽ ഉള്ള്യേരി പഞ്ചായത്തിലെ തെരുവത്ത് കടവ് കൊയക്കാട് പ്രദേശത്ത് ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയത്. ഇവിടെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു റവന്യു വിഭാഗത്തിന്റെ പരിശോധന. വിവിധ കോടതികളുടെ അറ്റാച്ച്മെന്റുകളും റവന്യു റിക്കവറി നടപടികളും നേരിടുന്ന ഭൂമിയാണിത്. ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന് മൂവായിരം രൂപ വീതം മാസ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ചത്.
സ്പെഷ്യൽ തഹസിൽദാർ (റവന്യൂ റിക്കവറി), കന്നൂർ വില്ലേജ് ഓഫീസർ, കെ എസ് എഫ് ഇ സീനിയർ മാനേജർ (റവന്യൂ റിക്കവറി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റവന്യൂ വിഭാഗം നടത്തിയ പരിശോധനയിൽ ഈ ഭൂമിയിലൂടെ റോഡ് നിർമിച്ചതായും ഭൂമിയിൽ കിണർ കുഴിച്ചതായും കണ്ടെത്തി. ഉള്ള്യേരി തെരുവത്ത് കടവ്
ബിജിലാ നിവാസിൽ മപ്പറത്ത് ബിജു, പുതുക്കള്ളി പുറത്ത് സുജ, ചെറുമുണ്ടിതാഴെ രാജേഷ് എന്നിവരുടെ പേരിൽ നടുവണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലാണ് ഈ ഭൂമിയിടപാടുകളെല്ലാം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ ഭൂമിയുടെ ആധാരങ്ങൾ കെ എസ് എഫ് ഇയിൽ ഈടായി നൽകി മപ്പറത്ത് ബിജു 30 ലക്ഷത്തോലം രൂപയും പുതുക്കള്ളിപ്പുറത്ത് സുജ 53 ലക്ഷത്തോളം രൂപയും കൈപ്പറ്റിയിട്ടുണ്ടെന്ന് റവന്യു റിക്കവറി വിഭാഗം പറഞ്ഞു. നിരവധി തവണ നോട്ടീസ് നൽകിയിട്ടും പണം തിരികെ നൽകാത്തതു കാരണം റവന്യു റിക്കവറി നടപടികൾ പൂർത്തിയാക്കി ഭൂമിയിൽ അറ്റാച്ച്മെന്റുള്ള കോടതികളുടെ അനുവാദത്തോടെ ഉടൻ തന്നെ പൊതു ലോല നടപടികളിലേക്ക് കടക്കുമെന്നും റവന്യു റിക്കവറി വിഭാഗം അറിയിച്ചു. തട്ടിപ്പിനിരയാവർ നൽകിയ പരാതികളിന്മേൽ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും, മൈത്രി നിധി ലിമിറ്റഡ് ആക്ഷൻ ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മൈത്രി നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പിന്റെ അന്വേഷണം നടത്തി വരികയാണ്.










