ExclusiveLatest

എവറസ്റ്റിലെ ഡെത്ത്‌സോണില്‍ മറ്റ് യാത്രക്കാര്‍ക്ക് വഴികാട്ടിയായി മാറിയ ‘പച്ചബൂട്ടുകാരന്‍’; 30 വര്‍ഷങ്ങള്‍ക്ക് ശേഷം മൃതദേഹം തിരികെയെത്തിക്കാന്‍ ഇന്ത്യ

Nano News

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് എവറസ്റ്റ് കീഴടക്കാന്‍ പുറപ്പെട്ട് പാതി വഴിയില്‍ ജീവന്‍ നഷ്ടമായ ജവാന്റെ മൃതദേഹം തിരികെയെത്തിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ചുരുളഴിയാന്‍ കാത്തിരിക്കുന്നത് ഹൃദയവേദനയും ആകാംഷയും ഉദ്വേഗവും ഇഴചേര്‍ത്ത ഒരു നീണ്ട ചരിത്രകഥയാണ്. പര്‍വതാരോഹകര്‍ക്കിടയില്‍ ഗ്രീന്‍ ബൂട്ട്‌സ് എന്നറിയപ്പെടുന്ന ഈ മൃതദേഹം എവറസ്റ്റിന്റെ വടക്ക് കിഴക്കന്‍ റിഡ്ജ് റൂട്ടില്‍ നിന്ന് പുറത്തെടുക്കാന്‍ സ്‌പെഷലിസ്റ്റ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിക്കവറി ഏജന്‍സിയെ നിയമിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് കഴിഞ്ഞിരിക്കുകയാണ് ഇന്ത്യ. മൃതദേഹം പുറത്തെത്തിക്കാന്‍ സാധിച്ചാല്‍ ഗ്രീന്‍ ബൂട്ടിനെക്കുറിച്ചും എവറസ്റ്റിന്റെ ഡെത്ത് സോണിനെക്കുറിച്ചും അധികമാരും അറിയാത്ത നിഗൂഢതകള്‍ കൂടി ചുരുളഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനെല്ലാമുപരിയായി സാഹസികനായ ഈ പര്‍വതാരോഹകന് അര്‍ഹിക്കുന്ന ആദരം നല്‍കാനാണ് ഇന്ത്യ ഈ സുപ്രധാന ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്.

എന്താണ് ഗ്രീന്‍ ബൂട്ടിന്റെ കഥ? ആരാണ് അദ്ദേഹം?

1996ലാണ് ടെത്സവാങ് പല്‍ജോര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഒരാള്‍ എവറസ്റ്റിലെ കനത്ത മഞ്ഞുവീഴ്ചയില്‍ മരിക്കുന്നത്. ടിബറ്റില്‍ നിന്നും ചൈനയില്‍ നിന്നും എത്തിച്ചേരാനാകുന്ന എവറസ്റ്റിന്റെ വടക്ക് കിഴക്കന്‍ റിഡ്ജ് റൂട്ടിലാണ് അദ്ദേഹത്തിന്റെ മൃതദേഹമുള്ളത്. ഓറഞ്ച് ജാക്കറ്റും നീല പാന്റ്‌സും ധരിച്ച് ഇളം പച്ച ബൂട്ടുകളോടെ കാണപ്പെടുന്ന ആ മൃതേദഹം ഏറെ അപകടം നിറഞ്ഞ വടക്ക് കിഴക്കന്‍ റിഡ്ജ് റൂട്ടില്‍ മറ്റ് പര്‍വതാരോഹകര്‍ക്ക് നീണ്ട 30 വര്‍ഷക്കാലത്തോളം വഴികാട്ടിയാകുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 8500 മീറ്റര്‍ ഉയരത്തിലാണ് ഈ മൃതദേഹമുള്ളത്. മൈനസ് 30 ഡിഗ്രി താപനിലയില്‍ കനത്ത മഞ്ഞുവീഴ്ചയിലാകാം അദ്ദേഹത്തിന് ജീവന്‍ നഷ്ടമായതെന്നാണ് കരുതപ്പെടുന്നത്.

1996 മുതല്‍, പര്‍വതാരോഹകര്‍ തങ്ങളുടെ പുരോഗതിയുടെയും എവറസ്റ്റിന്റെ 8,848 മീറ്റര്‍ ഉയരത്തിന്റെയും അടയാളമായി ഗ്രീന്‍ ബൂട്ട്‌സിനെ കരുതിപ്പോരുകയാണ്. ഗ്രീന്‍ ബൂട്ട്‌സിന് സമീപത്തെത്തുമ്പോള്‍ പലരും ആ സന്ദേശം കൃത്യമായി ബേസ് ക്യാംപിനെ അറിയിക്കാറുമുണ്ട്. ഇന്റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ അംഗങ്ങളായ മൂന്ന് പേരെയാണ് 1996ലെ കനത്ത മഞ്ഞുവീഴ്ചയില്‍ കാണാതായത്. ഗ്രീന്‍ ബൂട്ട്‌സ് ആരാണെന്നതില്‍ ഇപ്പോഴും പല സംശയങ്ങളും നിലനില്‍ക്കുന്നുമുണ്ട്. കനത്ത മഞ്ഞുവീഴ്ച മൂലം ഡെത്ത് സോണില്‍ നിന്ന് മൂവരും തിരികെ മടങ്ങാനിരിക്കുകയായിരുന്നു. സെക്കന്‍ഡ് സ്‌റ്റെപ്പ് എന്നറിയപ്പെടുന്നയിടത്ത് മൂന്ന് ഹെഡ്‌ലാംപുകള്‍ നീങ്ങുന്നതായി കണ്ടതാണ് ഈ മൂവരേയും കുറിച്ച് അവസാനമായി ലഭിച്ച വിവരം.

ദൗത്യം എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നതാണ്?

ഡെത്ത് സോണില്‍ നിന്ന് ഒരു മൃതദേഹം താഴെയെത്തിക്കുക എന്നത് അത്യന്തം അപകടകരവും പ്രയാസകരവും ചെലവേറിയതുമായ ഒരു ദൗത്യമാണ്. എവറസ്റ്റില്‍ ഏകദേശം 200ലേറെ മൃതദേഹങ്ങള്‍ പലയിടങ്ങളിലായി ഉണ്ടെന്നാണ് കണക്കുകള്‍. ഗ്രീന്‍ ബൂട്ട്‌സിനെ തിരികെ കൊണ്ടുവരാനുള്ള ദൗത്യസംഘത്തില്‍ എവറസ്റ്റ് കീഴടക്കിയ കുറഞ്ഞത് ആറ് ഷെര്‍പ്പകളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ടെന്‍ഡറില്‍ പറയുന്നത്. ഒക്ടോബര്‍ മാസത്തോടെ മൃതദേഹം വീണ്ടെടുക്കാനാണ് പദ്ധതി.

സാധാരണ ലഭിക്കുന്നതിനേക്കാള്‍ മൂന്നിലൊന്ന് അളവില്‍ ഓക്‌സിജന്‍ മാത്രമാണ് ഈ പ്രദേശത്ത് ലഭിക്കുക. ഐസിനാല്‍ പൊതിഞ്ഞ ഒരു മൃതദേഹത്തിന് 200 കിലോഗ്രാം ഭാരത്തോളം അനുഭവപ്പെടാം. മഞ്ഞുപാളികളും പാറക്കെട്ടുകളും നിറഞ്ഞ എവറസ്റ്റിലൂടെ ഈ മൃതദേഹത്തെ വലിച്ചിഴയ്ക്കാന്‍ സാധിക്കുകയുമില്ല. അടിക്കടി വരുന്ന മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും രക്ഷാപ്രവര്‍ത്തകരുടെ ജീവന് മാരകമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യും.

ഗ്രീന്‍ ബൂട്ട്‌സിന്റെ സ്ഥാനം മാറിയെന്നും ആരോ മൃതദേഹം അവിടെ നിന്ന് നീക്കിയെന്നും ഒരു അഭ്യൂഹവും കുറച്ചുകാലം മുമ്പ് പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ പര്‍വതാരോഹകര്‍ക്ക് വഴികാട്ടിയായി ഇളകാതെ ഗ്രീന്‍ ബൂട്ട്‌സ് അവിടെ തന്നെയുണ്ടെന്ന് ചില പര്‍വതാരോഹകര്‍ പ്രതികരിച്ചിരുന്നു.


Reporter
the authorReporter

Leave a Reply

error: Content is protected !!