കോഴിക്കോട്: പി ശ്രീം പദ്ധതിക്കെതിരെ നടന്ന വിദ്യാർത്ഥി- യുവജന പ്രക്ഷോഭത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാറിനെതിരെ എഐഎസ്എഫ്-എഐവൈഎഫ് നേതൃത്വത്തിൽ പ്രതിഷേധിച്ചു. കൃഷ്ണപിള്ള മന്ദിരത്തിൽ നിന്നാരംഭിച്ച പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എഐവൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. നിയമസഭാ മാർച്ചിനെ മലിനജല പീരങ്കിയുമായാണ് പൊലീസ് നേരിട്ടത്. അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പെടെ കേരളത്തെ ഭീതിയിലാക്കുമ്പോഴാണ് മലിനമായ ജലം പ്രതിഷേധ മാർച്ചിന് നേരെ ചീറ്റിയത്. കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ കൊണ്ട് പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. എ ടി റിയാസ് അഹമ്മദ് സ്വാഗതം പറഞ്ഞു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഭിനന്ദ് കെ പി അധ്യക്ഷത വഹിച്ചു. അനുശ്രീ എൻ, ശ്രേയ, ധനേഷ് കാരയാട്, ശ്രീജിത്ത് നാദാപുരം സംസാരിച്ചു. റാഷിദ് കൊടുവള്ളി, അനന്തജിത്ത് ബി എസ്, അക്ഷത് പി ആർ, ആകാശ് ബി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.










