ഇന്റർ ഡിസിപ്ലിനറി ഹെൽത്ത്കെയർ വിദ്യാഭ്യാസത്തിൽ പുതിയ ചുവടുവെപ്പുമായി മെഡിക്കൽ ബയോഇൻഫോർമാറ്റിക്സിൽ എംഎസ്സി പ്രോഗ്രാം

തൃശൂർ: ഓൺ-ക്യാമ്പസ് കോഴ്സുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിദ്യാർത്ഥികളുമായി നേരിട്ട് ഇടപെട്ടുകൊണ്ടുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കേരള ആരോഗ്യശാസ്ത്ര സർവകലാശാല. മെഡിക്കൽ ബയോഇൻഫോമാറ്റിക്സിൽ എം എസ്സി പ്രോഗ്രാം ആരംഭിച്ചുകൊണ്ടാണ് സർവകലാശാല പുതിയ തുടക്കം കുറിക്കുന്നത്.
ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ ക്യാമ്പസ്സിൽ സ്ഥാപിതമായ സ്കൂൾ ഫോർ ട്രാൻസിലേഷണൽ ഹെൽത്ത് സയൻസിന്കീഴിലാണ് മെഡിക്കൽ ബയോഇൻഫോമാറ്റിക്സിൽ എം എസ്സി പ്രോഗ്രാം ആരംഭിക്കുന്നത്. 2010 ൽ സ്ഥാപിതമായ സർവകലാശാലയുടെ മുളങ്കുന്നത്തുകാവ് സ്ഥിതിചെയ്യുന്ന ആസ്ഥാനത്ത് തുടങ്ങാൻ പോകുന്ന ആദ്യ മുഴുവൻ സമയ (Full-time) അക്കാഡമിക് പ്രോഗ്രാമാണ് ഇത്. സംസ്ഥാനത്തെ ഇന്റർ ഡിസിപ്ലിനറി മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഒരു പുതിയ ഘട്ടത്തിന് ഈ പ്രോഗ്രാം തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിൽ ആദ്യമായാണ് മെഡിക്കൽ ബയോ ഇൻഫോമാറ്റിക്സിൽ ഒരു ഫുൾ ടൈം പിജി പ്രോഗ്രാം ആരംഭിക്കുന്നത്.
മെഡിക്കൽ, അനുബന്ധ ആരോഗ്യ വിഭാഗങ്ങളിൽ നിന്നുള്ള 15 വിദ്യാർത്ഥികൾ അടങ്ങുന്ന ഉദ്ഘാടന ബാച്ചിന് ജൂലൈയിൽ തുടക്കമാവും. നാല് സെമസ്റ്ററുകളിലായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ മൂന്ന് സെമെസ്റ്ററുകൾ തിയറി, പ്രാക്ടിക്കൽ എന്നിവയ്ക് ഒരുപോലെ പ്രാധാന്യം നൽകുമ്പോൾ, നാലാമത്തെ സെമസ്റ്റർ പ്രൊജക്റ്റ് അധിഷ്ഠിതമായിരിക്കും.
ആരോഗ്യ ശാസ്ത്ര മേഖലയിലെ സുപ്രധാന മേഖലകളായ ജീനോമിക്‌സ്, ബയോടെക്നോളജി, ബയോഇൻഫോർമാറ്റിക്സ് എന്നിവയെ സംയോജിപ്പിച്ച് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെ നവീകരിക്കാനും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ മാറുന്ന കാലത്തിനനുസരിച്ച് പ്രാപ്തരാക്കുന്നതിനും ഈ കോഴ്സ് സഹായിക്കുമെന്ന് ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, നഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ സയൻസസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ബിരുദധാരികളായ വിദ്യാർഥികളിൽനിന്ന് എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് ജൂലൈയിൽ ആരംഭിക്കുന്ന ആദ്യബാച്ചിന്റെ ഭാഗമാക്കുക. ആരോഗ്യ സർവകലാശാലയിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ ബിരുദ പഠനത്തിൽ കുറഞ്ഞത് 50% മാർക്ക് നേടുകയും അതത് സ്റ്റാറ്റിയൂട്ടറി കൗൺസിലുകളിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത ബിരുദധാരികളിൽനിന്നുമാണ് യോഗ്യരായവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്തത്.
പ്രോഗ്രാമിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർത്ഥികളും ക്ലിനിക്കൽ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്നും ക്ലിനിക്കൽ പ്രാക്ടീസിനും കമ്പ്യൂട്ടേഷണൽ ബയോളജിക്കും ഇടയിലുള്ള വിടവ് നികത്തിക്കൊണ്ട് വിപുലമായ ജനിതക പഠനങ്ങൾക്കും ഗവേഷണത്തിനും അവരെ തയ്യാറാക്കുന്നതിനാണ് ഈ ഇന്റർ ഡിസിപ്ലിനറി പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പരിശീലനം നല്കാൻ ക്യാമ്പസിൽ ബയോഇൻഫോർമാറ്റിക്സ്, മോളിക്യുലാർ ബയോളജി ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഫിലിയേറ്റഡ് മെഡിക്കൽ കോളേജുകളുമായുള്ള സഹകരണത്തിലൂടെ ക്ലിനിക്കൽ എക്സ്പോഷറും സുഗമമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കംപ്യൂട്ടെഷനൽ അറിവുകളെ ആരോഗ്യ പ്രശ്നങ്ങളുംനായി സംയോജിപ്പിച്ച് പ്രവർത്തിക്കാൻ സാധിക്കും.
ജീനോമിക്സ്, വ്യക്തിഗത വൈദ്യശാസ്ത്രം, ഡിസീസ് മോഡലിംഗ് തുടങ്ങിയ മേഖലകളിൽ ബയോഇൻഫോർമാറ്റിക്സിന്റെ പ്രാധാന്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ വിദ്യാഭ്യാസരംഗത്ത് മികച്ച പ്രവർത്തനത്തിന് പുതിയ പ്രോഗ്രാം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.










