Accident newsExclusiveLatest

മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തിയത് സാഹസികമായി.

Nano News

മുക്കം:മരം വെട്ടുന്നതിനിടെ കാലിന് പരിക്കേറ്റ് മരക്കൊമ്പുകൾക്കിടയിൽ തലകീഴായി കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപെടുത്തി. കൂടരഞ്ഞി കുളിരാമുട്ടിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പനക്കച്ചാൽ സ്വദേശി ചന്ദ്രനാണ് അപകടത്തിൽപ്പെട്ടത്. കൃത്യമായ സമയത്ത് സഹപ്രവർത്തകന്റെയും ഫയർഫോഴ്സിന്റെയും ഇടപെടൽ ഉണ്ടായതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.

കൂടരഞ്ഞി കുളിരാമുട്ടി സ്വദേശി ചെല്ലന്തറയിൽ അഗസ്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെയാണ് 55-കാരനായ ചന്ദ്രൻ അപകടത്തിൽപ്പെടുന്നത്. മരം മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചന്ദ്രന്റെ കാലുകൾ മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങുകയും, ഇദ്ദേഹം നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി തൂങ്ങിക്കിടക്കുകയുമായിരുന്നു.

ഈ സമയം പറമ്പിൽ കൃഷിപ്പണി ചെയ്യുകയായിരുന്ന പൊതോത്ത് രവി എന്നയാൾ ഉടൻ തന്നെ മരത്തിൽ കയറി ചന്ദ്രനെ താഴെ വീഴാതെ താങ്ങിനിർത്തി. എന്നാൽ ചന്ദ്രനെ ഒറ്റയ്ക്ക് താഴെയിറക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇവർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. സേനാംഗമായ പി. ടി. ശ്രീജേഷ് മരത്തിൽ കയറി ചന്ദ്രന് ആവശ്യമായ സുരക്ഷ ഉറപ്പാക്കി. തുടർന്ന് റോപ്പും റെസ്ക്യൂ നെറ്റും ഉപയോഗിച്ച് ഏറെ സാഹസികമായാണ് ചന്ദ്രനെ താഴെ എത്തിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സി. മനോജ്‌, സേനാംഗങ്ങളായ പി. ടി. അനീഷ്, കെ. പി. അജീഷ്, ആർ. മിഥുൻ, സി. വിനോദ്, അനു മാത്യു, ടി. രവീന്ദ്രൻ, കെ. എസ്. വിജയകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.


Reporter
the authorReporter

Leave a Reply