Latest

രമ്യയുടെയും ശിവനന്ദിന്റെയും മരണം: ജീവിത വഴിയിൽ തളർന്ന കുടുംബത്തിന് ആശ്വാസം പകരാൻ നാട്ടുകാർ

Nano News

പേരാമ്പ്ര: കഴിഞ്ഞ ആറാം തീയതിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തി, കടന്തറ പുഴയുടെ ഭാഗമായ തോട്ടത്താംകണ്ടി പുഴയിൽ രമ്യയും മകൻ ശിവനന്ദും മുങ്ങിമരിച്ചത്.

രമ്യയുടെ മരണത്തോടെ തകർന്നുപോയ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ഒത്തുചേരുന്നു. ഒരു കൊച്ചു വീട് നിർമിക്കുകയെന്നത് രമ്യയുടെയും ഭർത്താവ് സുബീഷിന്റെയും കുഞ്ഞുങ്ങളുടെയും സ്വപ്നമായിരുന്നു. അതിനായി സുബീഷും രമ്യയും രാപകലെന്നില്ലാതെ കഠിനാധ്വാനം ചെയ്തു.

വീടു പണി പാതിവഴിയിൽ എത്തി നിൽക്കുമ്പോഴാണ് ആകസ്മികമായി രമ്യയും ഇളയ മകൻ ശിവനന്ദം വിട്ടുപിരിഞ്ഞത്. ഇവരുടെ വേർപാടിൽ തളർന്നുപോയ സുബീഷിനും മൂത്ത മകൻ ഹരിനന്ദിനും വീട് നിർമിച്ചു നൽകുക എന്ന ലക്ഷ്യവുമായാണ് നാട്ടുകാർ കൈകോർക്കുന്നത്. ധനസമാഹരണത്തിനായി 14ന് സഹായക്കുറി നടത്താനാണ് തീരുമാനം. പരമാവധി ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കാനായുള്ള ശ്രമത്തിലാണ് ഇതിനായി രൂപീകരിച്ച സഹായ കമ്മിറ്റി.

ജാത-മത- രാഷ്ട്രീയ ഭേദമെന്യ ഒരു കുടുംബത്തെ സഹായിക്കാനുള്ള ജനകീയ ഒത്തു ചേരലാവും പരിപാടിയെന്ന് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

സഹായക്കുറിക്ക് പുറമെ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുബീഷിന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട് വഴിയും പരമാവധി തുക സ്വരൂപിക്കാനും സഹായ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വാർഡ് മെമ്പർ രാജീവൻ, പി ലിനീഷ്, അഭിലാഷ് പി, ടി വിജയൻ എന്നിവരാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ധനസമാഹരണത്തിനായി എ കെ സുബീഷിന്റെ പേരിൽ എസ് ബി ഐ കുറ്റ്യാടി ബ്രാഞ്ചിൽ 919207 552824 നമ്പറിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. സാധ്യമായ പരമാവധി സഹായം കുടുംബത്തെ സഹായിക്കാനായി നൽകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.

ആറിന് വൈകീട്ടായിരുന്നു പുഴയിൽ ഒഴുക്കിൽ പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അണ്ടിക്കുന്നുമ്മൽ രമ്യ (36), മകൻ ശിവനന്ദ് (7) എന്നിവർ മുങ്ങിമരിച്ചത്. രമ്യ അലക്കുന്നതിനിടെ ഇളയമകൻ ശിവനന്ദ് കാൽ വഴുതി ഒഴുക്കിൽ പെട്ടപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യയും ഒഴുക്കിൽ പെടുകയായിരുന്നു. സിപിഐ തോട്ടത്താം കണ്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു രമ്യ.


Reporter
the authorReporter

Leave a Reply