FootballGeneralsportsWorld cup football

1954 ൽ ടൂർണ്ണമെന്റിന്റെ മൊത്തം ചിലവ് 72,080 രൂപ 14 പൈസ;  കോഴിക്കോട്ടെ സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റ് ആർക്കൈവ്സ് രേഖകളിൽ

Nano News

…..🖋️ഡോ. എം സി വസിഷ്ഠ്

⚽ ലോകം ഫുട്ബോൾ ആവേശത്തിലാണ്. അതിരുകളെ മായ്ച്ച് ലോകം ഫുട്ബോളിലേക്ക് മിഴി തുറക്കുമ്പോൾ കോഴിക്കോട്ടെ ഏറ്റവും പ്രശസ്തമായ ഒരു ഫുട്ബോൾ ടൂർണമെന്റിന്റെ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞു നോക്കുന്നത് കൗതുകകരമായിരിക്കും. മദ്രാസ് പ്രസിഡൻസിയിലെ മലബാർ പ്രവിശ്യയുടെ ആസ്ഥാനമായിരുന്ന കോഴിക്കോട് ഫുട്ബോൾ നഗരമെന്ന് കീർത്തി കേട്ട പ്രദേശമാണ്. യംഗ് ചലഞ്ചേഴ്സ്- മോഹൻ ബഗാൻ മത്സരങ്ങളിൽ നഗരത്തിന്റെ ഫുട്ബോൾ പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. കോഴിക്കോട്ടെ ഏറ്റവും ശ്രദ്ധേയമായ ഫുട്ബോൾ ടൂർണമെന്റ് സേട്ട് നാഗ്ജി അമർശ്രീ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നു. കോഴിക്കോട്ടെ പ്രശസ്ത വ്യാപാരിയായ സേട്ട് നാഗ്ജിയുടെ സ്മരണാർത്ഥം 1952 ലാരംഭിച്ചതാണ് ഈ ടൂർണമെന്റ്. കുടകളും സോപ്പുകളും നിർമ്മിച്ചിരുന്ന സേട്ട് നാഗ്ജി പുരുഷോത്തമൻ കമ്പനിയുടെ പ്രൊപ്പ്രൈറ്ററായിരുന്നു സേട്ട് നാഗ്ജി. സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട ചില ഫയലുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജിയണൽ ആർക്കൈവ്സിൽ കാണാം.

മദ്രാസ് ഗവൺമെന്റിന്റെ റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ബണ്ടിൽ നമ്പർ 48,സീരിയൽ നമ്പർ 8 ലാണ് നാഗ്ജി ടൂർണ്ണമെന്റിന്റെ വിവരങ്ങൾ നമുക്ക് ലഭിക്കുന്നത്. ഗവേഷണത്തിനിടയിൽ എന്റെ ശ്രദ്ധയിൽ പെട്ടതാണ് ഈ ഫയൽ. സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണ്ണമെന്റിന്റെ 3,4,5,വർഷങ്ങളിൽ അതായത് 1953-54,54-55,55-56 സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് മേൽ പറഞ്ഞ ഫയൽ 1954-1955 വർഷങ്ങളിൽ നാഗ്ജി ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീമുകളുടേയും അവർക്ക് നൽകിയ പ്രതിഫലത്തിന്റേയും വിവരങ്ങൾ ഫയലിൽ ലഭ്യമാണ്. 1954 ൽ ടൂർണ്ണമെന്റിന്റെ മൊത്തം ചിലവ് 72,080 രൂപ 14 പൈസ ആയിരുന്നുവെങ്കിൽ 1955 ൽ അത് 77,146 രൂപ 8 പൈസയായിരുന്നു. പ്രധാന ടൂർണ്ണമെന്റിനോടൊപ്പം ചില പ്രദർശന മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടിരുന്നു എന്ന് രേഖകൾ സൂചിപ്പിക്കുന്നു.

മാനാഞ്ചിറ മൈതാനമായിരുന്നു നാഗ്ജി ഫുട്ബോൾ ടൂർണ്ണമെന്റിന്റെ പ്രധാന വേദി. വാടകയിനത്തിൽ മാനാഞ്ചിറ മൈതാനത്തിന് 1954 ൽ നൽകിയത് 1075 രൂപയും 1955 ൽ നൽകിയത് 1360 രൂപയും ആയിരുന്നു. മാനാഞ്ചിറയിൽ താത്ക്കാലികമായി കെട്ടിയ ഗാലറികളിലാണ് ഫുട്ബോൾ പ്രേമികൾ കളികാണാൻ ഇരുന്നത്. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന തുകയുടെ 75 ശതമാനം സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനും ബാക്കി പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമാണ് ചിലവഴിച്ചത്. നഗരത്തിലെ മുൻസിപ്പാലിറ്റിയുടെ ടീ ബി ക്ലീനിക് പ്രവർത്തിക്കുന്നത് പ്രധാനമായും ഈ ഫണ്ട് ഉപയോഗിച്ചിട്ടാണ് എന്ന് രേഖയിൽ കാണാം. ഈ രണ്ട് ടൂർണ്ണമെന്റുകളിലും കളിച്ച മിക്ക ഫുട്ബോൾ ടീമുകളും ഇന്നില്ല. 1954 ലെ ഫുട്ബോൾ ടീമിൽ ഫ്രണ്ട്സ് യൂണിയൻ കറാച്ചി എന്ന പേരിലും 1955 ൽ കറാച്ചി കിക്കേഴ്സ് ക്ലബ്ബ് എന്ന പേരിലും പാക്കിസ്ഥാനിൽ നിന്നുള്ള ടീമുകൾ സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റ് കളിച്ചിരുന്നു. രണ്ട് ടൂർണമെന്റിലും കളിച്ച ഫുട്ബോൾ ടീമുകളിൽ ചിലത് കെ ജി എഫ് വാണ്ടറസ് ഫുട്ബോൾ ക്ലബ്ബ് കോളാർ, തലശ്ശേരിയിലെ യുണൈറ്റഡ് അത്ലറ്റിക്ക് ക്ലബ്ബ്, കണ്ണൂരിലെ സ്പിരിറ്റഡ് യൂത്സ്, കണ്ണൂരിലെ തന്നെ ലക്കി സ്റ്റാർസ്, മധുരയിലെ മുൻസിപ്പൽ എംപ്ലോയിസസ് അസോസിയേഷൻ, കോഴിക്കോട് യംഗ് ചാലഞ്ചേഴ്സ് ടീമുകൾ എന്നിവയായിരുന്നു. രണ്ട് പ്രാവശ്യവും ഏറ്റവും കൂടുതൽ പ്രതിഫലം നൽകിയത് പാക്കിസ്ഥാനിൽ നിന്നുള്ള ഫുട്ബോൾ ടീമുകൾക്കായിരുന്നു. 1954 ൽ കറാച്ചിയിൽ നിന്നുള്ള ഫ്രണ്ട്സ് യൂണിയന് നൽകിയത് 4720 രൂപയും, 1955 ലെ കറാച്ചി കിക്കേഴ്സിന് നൽകിയത് 5650 രൂപയും ആയിരുന്നു.

1954 ൽ ഗേറ്റ കലക്ഷന് 69492 രൂപയായിരുന്നു, . സീസൺ ടിക്കറ്റ് വിൽപ്പനയിൽ 1012 രൂപ ലഭിച്ചു. 1955 ൽ ഗേറ്റ് കലക്ഷൻ വഴി 72712 രൂപയും സീസൺ ടിക്കറ്റ് വഴി 2262 രൂപയും ലഭിച്ചു. കോഴിക്കോട്ടെ ഈ ഫുട്ബോൾ ടൂർണ്ണമെന്റിന് മദ്രാസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരവും ഉണ്ടായിരുന്നു. ലോകത്ത് ഫുട്ബോൾ ആരവങ്ങൾ മുഴങ്ങുമ്പോൾ കോഴിക്കോടിന്റെ ഫുട്ബോൾ പെരിമയിലേക്ക് വെളിച്ചം വീശുന്ന ഈ രേഖകൾ പ്രത്യേക പരാമർശം അർഹിക്കുന്നു.

( ലേഖകൻ മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം മുൻ മേധാവിയും കളിയെഴുത്തുകാരനുമാണ്)


Reporter
the authorReporter

Leave a Reply