General

നിയമസഭാ തെരഞ്ഞെടുപ്പിൽ എ കെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന് പാർട്ടി യുവജന വിഭാഗം: മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എൻവൈസി

Nano News

കോഴിക്കോട്: മന്ത്രിയും എൻ സിപി ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായ എ കെ ശശീന്ദ്രന്റെയും സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി എം സുരേഷ് ബാബുവിന്റെയും നേതൃത്വത്തിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ഗ്രൂപ്പ് യോഗം ചേർന്നതിനെതിരെ എൻവൈസി എലത്തൂർ ബ്ലോക്ക് കമ്മിറ്റി. ഗ്രൂപ്പ് യോഗം വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്. പാർട്ടിയെ ഒരുമയോടെ മുന്നോട്ട് കൊണ്ടുപേകേണ്ട നേതാക്കൾ തന്നെ ഇത്തരത്തിൽ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നത് അംഗീകരിക്കാൻ കഴിയില്ല. ഒരു നേതാവ് തന്നെ തുടർച്ചയായി എട്ട് തവണ മത്സരിക്കുകയെന്നത് രാഷ്ട്രീയപരമായും ധാർമികമായും തെറ്റായ പ്രവണതയാണ്. എലത്തൂരിലെ ഇടതുപക്ഷ പ്രവർത്തകർ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് തിരിച്ചറിഞ്ഞ് എ കെ ശശീന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് സ്വയം മാറി നിൽക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയായ മുക്കം മുഹമ്മദിനെ പാർട്ടി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്നും എൻ വൈ സി എലത്തൂർ ബ്ലോക്ക് കമ്മിറ്റി എൻ സി പി ജില്ലാ- സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പുത്ര സ്നേഹത്താൽ അന്ധനായ ധൃതരാഷ്ട്രരെ പോലെ അധികാര ഭ്രമം കൊണ്ട് നേതാക്കൻമാർ അന്ധരാവുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. പുതു മുഖങ്ങൾക്ക് അർഹമായ പ്രാധാന്യവും പരിഗണയും നൽകുമ്പോൾ മാത്രമാണ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും വളർച്ച സാധ്യമാവുകയുള്ളൂ. എന്നാൽ തനിക്ക് ശേഷം പ്രളയം എന്ന ചിന്താഗതിയുമായാണ് ചില നേതാക്കൻമാർ മുന്നോട്ട് പോവുന്നത് എന്നത് ഏറെ ദുഃഖകരമാണെന്നും സംഘടന വിലയിരുത്തി.
64 മത്തെ വയസ്സിൽ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിടവങ്ങിയ എ സി ഷൺമുഖദാസിനെ ഓർത്തുകൊണ്ടാണ് യുവജനസംഘടന വീണ്ടും മത്സരിക്കാൻ നീക്കങ്ങൾ നടത്തുന്ന ശശീന്ദ്രനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എ സി ഷൺമുഖദാസ് കാണിച്ച രാഷ്ട്രീയ ധാർമികതയാണ് എ കെ ശശീന്ദ്രന് എംഎൽഎയും മന്ത്രിയുമെല്ലാമാവാൻ വഴിയൊരുക്കിയതെന്നും എൻവൈസി പ്രമേയത്തിലൂടെ ഓർമപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് ബവിത അരുൺ കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജൂലേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യാസിർ കക്കോടി, അരുൺ കുമാർ എ എസ്, രഞ്ജിത്ത് എ, അർഷക് കാക്കൂർ തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply