വടകര: കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പ്രീന ജയരാജ് കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ പത്തരയോടെ പ്രീന ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ സുധീർകുമാറും റിനീഷും നിലവിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പ്രതികളെ മുഖാമുഖം ഇരുത്തി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പ് തുക എങ്ങോട്ടാണ് വകമാറ്റിയത് എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ട് പ്രതികളെ ഇന്നലെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു .കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാറിനെ മൂന്ന് ദിവസത്തേക്കും സൊസൈറ്റി ഡയറക്ടർ റിനീഷിനെ നാല് ദിവസത്തേക്കുമാണ് കസ്റ്റഡിയിൽ വിട്ടത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന്റെ നേതൃത്വത്തിൽ പ്രതികളെ ഒപ്പമിരുത്തി ചോദ്യം ചെയ്യും. കടത്തനാട് സൊസൈറ്റിയിൽ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് ഡയറക്ടർ കണ്ടെത്തിയിരുന്നു.









