കോഴിക്കോട്:പണം നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്നും ഫോണ്‍ കോള്‍. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും, മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാം എന്നുമായിരുന്നു സന്ദേശം. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഫോണ്‍കോള്‍ വന്നത്. വിദ്യയുടെ പരാതിയില്‍ കോഴിക്കോട് സൈബര്‍സെല്‍ അന്വേഷണം തുടങ്ങി.ജൂലായ് ആറിനാണ് എലത്തൂര്‍ എംഎല്‍എ വിദ്യാബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് വാട്‌സാപ്പ്‌കോള്‍ വന്നത്. വയനാട് എംപിയുടെ ഓഫീസില്‍ നിന്ന് രാജ്കുമാറാണെന്നാണ് പരിചയപ്പെടുത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ വരുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നും ഫോണ്‍ ചെയ്ത അജ്ഞാതന്‍ വാഗ്ദാനം നല്‍കി. ജില്ലയിലെ ഒരു എംപിയാണ് ഫോണ്‍ നമ്പര്‍ തന്നതെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. തട്ടിപ്പ് മനസിലാക്കിയ എംഎല്‍എ പണം തരാമെന്ന് സമ്മതിക്കുകയും, എങ്ങനെയാണ് നിങ്ങള്‍ എന്നെ മന്ത്രിയാക്കുക എന്നും തിരിച്ചു ചോദിച്ചു. ഏകദേശം 10 മിനിറ്റ് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാന്‍ നടത്തുന്ന ഓപ്പറേഷന്‍ അജ്ഞാതന്‍ വിവരിച്ചു. തുടര്‍ന്ന് നമ്പര്‍ നല്‍കി എന്ന് തട്ടിപ്പുകാരന്‍ പറഞ്ഞ എംപിയെ വിദ്യാ ബാലകൃഷ്ണന് നേരിട്ട് വിളിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.എഐസിസി ആസ്ഥാനത്ത് നിന്നാണെന്നു പറഞ്ഞ് ഒരാള്‍ തന്നെ ബന്ധപ്പെട്ടെന്നും, ജില്ലയിലെ രണ്ട് എം.എല്‍.എ.മാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു എന്നുമായിരുന്നു എംപിയുടെ മറുപടി. പിന്നീട് ഇരുവരും വയനാട് എംപിയുടെ ഓഫീസുമായി ബന്ധപെട്ടു. ഓഫീസില്‍ നിന്ന് ആരും ഫോണ്‍ വിളിച്ചിട്ടില്ല എന്ന് അറിയിച്ചതോടെ ഈ മാസം 11ന് വിദ്യാ ബാലകൃഷ്ണന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. വിളിച്ച നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് എംഎല്‍എ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കോഴിക്കോട് സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു.










