കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന മർകസ് നോളജ് സിറ്റിയുടെ കീഴിലുള്ള മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുപ്രകാരം, സ്ഥാപനത്തിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സർക്കാർ നേരിട്ട് ശമ്പളം നൽകേണ്ടിവരും. സ്ഥാപനത്തിന്റെ നടത്തിപ്പ് മർകസിന്റെയും കീഴിൽത്തന്നെ ആയിരിക്കുകയും ചെയ്യും. എയ്ഡഡ് പദവി നൽകുന്നതിലൂടെ സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണ് വഹിക്കേണ്ടിവരിക.
താമരശ്ശേരി കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിലാണ് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി എം ഡിയായ യുനാനി മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളേജാണിത്. ഇപ്പോഴത്തെ തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണെന്നും വിമർശനം ഉയരുന്നുണ്ട്.
ഇന്ത്യയിൽ മുസ്ലീം സമുദായം യാതൊരുവിധ പ്രതിസന്ധിയും നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തിന് എയ്ഡഡ് പദവി നൽകിയത്.
യൂനാനി ഉൾപ്പെടെയുള്ള വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും വിമർശനം ഉയരുന്നുണ്ട്. യൂനാനി, സിദ്ധവൈദ്യം, അക്യുപങ്ചർ, നാഡീ വൈദ്യം, ലാട വൈദ്യം എന്നിവയൊന്നും സർക്കാർ പ്രോത്സാഹിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും പലരും വ്യക്തമാക്കുന്നു. ഇതേ സമയം മർകസ് യൂനാനി മെഡിക്കൽ കോളെജിന് എയ്ഡഡ് പദവി നൽകാനുള്ള സർക്കാർ തീരുമാനം എന്തോ അപരാധമാണെന്ന മട്ടിലാണ് പലരും പറയുന്നതെന്ന് കാന്തപുരം അനുയായികളും പറയുന്നു. ആയുർവേദ മേഖലയിൽ വൈദ്യരത്നം ആയുർവേദ കോളെജ്, പി എസ് വാര്യർ ആയുർവേദ കോളെജ് കോട്ടക്കൽ എന്നിവയ്ക്കും ഹോമിയോപ്പതിയിൽ എൻ എസ് എസ് ഹോമിയോപ്പതി മെഡിക്കൽ കോളെജ് കോട്ടയം, വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളെജ് തിരുവനന്തപുരം, ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതി മെഡിക്കൽ കോളെജ് എന്നിവയ്ക്കെല്ലാം എയ്ഡഡ് പദവി ഉണ്ട്. യൂനാനി ചികിത്സയ്ക്ക് 2,500 വർഷത്തിലധികം പഴക്കമുണ്ടെന്നും കേരളത്തിൽ ആദ്യമായാണ് ഒരു യുനാനി കോളെജിന് എയ്ഡഡ് പദവി ലഭിക്കുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.













