കോഴിക്കോട്: ഇതുവരെ ജീവിച്ചതുപോലെ ജീവിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ജനങ്ങൾ പറയുമ്പോൾ, ഇതുവരെ ഭരിച്ചതുപോലെ തുടർന്ന് ഭരിക്കാൻ മോഡിക്ക് ഇനി സാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാറുന്ന ഇന്ത്യയിൽ ജനങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാൻ ഒരു ഭരണാധികാരിക്കും ഇനി കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ ജനറൽ ബോഡി യോഗത്തിൽ പാർട്ടി ദേശീയ കൗൺസിലിന്റെയും സംസ്ഥാന എക്സിക്യൂട്ടീവിന്റെയും തീരുമാനങ്ങൾ റിപ്പോർട്ടിങ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് പരീക്ഷ ക്രമക്കേടിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ തുടർച്ച ജന്തർ മന്തറിൽ സംഭവിക്കുകയാണ്. പ്രക്ഷോഭത്തിന്റെയും നിശ്ചയത്തിന്റെയും തീരുമാനത്തിന്റെയും കേന്ദ്രമായി അവിടം മാറുകയാണ്. നീറ്റ് പരീക്ഷയിലെ ഞെട്ടിക്കുന്ന ക്രമക്കേടുകൾക്ക് പിന്നാലെ ഉയർന്ന് വന്ന വിദ്യാർത്ഥി-യുവജന പ്രക്ഷോഭം ഐതിഹാസികമായ കർഷക സമരത്തിന് ശേഷമുള്ള പുതിയ ചരിത്രമായിരുന്നു. ക്രൂരമായ വേട്ടയാടലുകളെ അതിജീവിച്ചാണ് അവർ മുന്നേറിയത്. പ്രതിഷേധത്തിന് മുമ്പിൽ ഒടുവിൽ കേന്ദ്ര സർക്കാരിന് മുട്ടുകുത്തേണ്ടിവന്നു. പോരാട്ട വീഥിയിലേക്കെത്തിയ പലർക്കും പ്രത്യയശാസ്ത്ര വ്യക്തതയോ കൃത്യമായ രാഷ്ട്രീയ നിലപാടുകളോ ഉണ്ടാവില്ലായിരിക്കാം. എന്നാൽ രാജ്യം കണ്ട ഏറ്റവും വലിയ മാറ്റത്തിന്റെ ചാലകശക്തിയായി പ്രക്ഷോഭം മാറി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് മുമ്പിലും യുവതലമുറയുണ്ട്. പുതുതലമുറയെ കാണാനും അറിയാനും അവരെ മുൻനിരയിലേക്ക് കൊണ്ടുവരാനും സാധിക്കണം. കമ്യൂണിസ്റ്റ് ബോധ്യത്തിന്റെ അടിത്തറയുള്ള തലമുറ വളർന്നുവരണം. അതിന് പതിവ് ശീലങ്ങൾ മാറ്റേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊട്ടിഘോഷിച്ച് അധികാരത്തിലെത്തിയ കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ വലതുപക്ഷ മുഖം വളരെ വേഗമാണ് പുറത്തു തെളിഞ്ഞത്. മുഖ്യമന്ത്രി വി ഡി സതീശനിപ്പോൾ ബിജെപി ഛായയാണുള്ളത്. സംഘപരിവാർ അജണ്ട നടപ്പാക്കുന്നവരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറി. തങ്ങൾ അധികാരത്തിലെത്തിയാൽ പിഎംശ്രീ കടലിലെറിയുമെന്ന് പ്രഖ്യാപിച്ചവരാണിപ്പോൾ പി എം ശ്രീയെ കൈവിടാതിരിക്കുകയും തൊഴിലാളി വിരുദ്ധ ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കുമെന്നും പറയുന്നത്. മുഖ്യമന്ത്രിയുടെ ഉള്ളിലിപ്പോൾ ഗാന്ധിയും നെഹ്രുവുമല്ല, മറിച്ച് സവർക്കറും ഗോൾവാൾക്കറുമാണുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ ബാലൻ മാസ്റ്റർ, ടി വി ബാലൻ, ടി കെ രാജൻ മാസ്റ്റർ, ജില്ല അസി. സെക്രട്ടറി ആർ ശശി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ അസി. സെക്രട്ടറി പി കെ നാസർ സ്വാഗതം പറഞ്ഞു.










