CRIMELatest

റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരിയുടെ ബാഗ് കവർന്ന കേസിൽ പ്രതി പിടിയിൽ

Nano News

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാരിയുടെ ബാഗും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ തൃശൂർ മണ്ണുത്തി സ്വദേശി മനു കെ. (47) യെ കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

സെപ്റ്റംബർ 3-ന് രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വച്ചാണ് സംഭവം. വിവോ കമ്പനിയുടെ മൊബൈൽ ഫോൺ, 5000 രൂപ, എ.ടി.എം കാർഡ് എന്നിവ അടങ്ങിയ ബാഗാണ് പ്രതി അപഹരിച്ചത്. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും സെപ്റ്റംബർ 9-ന് രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയിൽ നിന്ന് മോഷണം പോയ ഫോണും ബാക്കി തുകയും കണ്ടെടുത്തു. തൃശൂർ ഈസ്റ്റ്, കോഴിക്കോട്, പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ മുൻപും കേസുകളുള്ള ആളാണ് പിടിയിലായ മനു. റെയിൽവേ പോലീസ് സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ , ഇൻ്റലിജൻസ് എസ്.ഐ. സത്യൻ , എ. എസ്.ഐ ഷമീർ ,പി .ബി . ജോസ്, അഖിലേഷ് , ആർ.പി.എഫ് എ. എസ്.ഐ രലുനാഥ്, ഹെഡ് കോൺസ്റ്റബിൾമാരായ ബൈജു , വിജേഷ് , ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!