കോഴിക്കോട്: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട കോറോ ഹെൽത്ത് കമ്പനിയിലെ ജീവനക്കാർക്ക് പൂർണ പിന്തുണയുമായി സിപിഐ, എഐടിയുസി നേതാക്കൾ. തൊഴിലാളികൾക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും തൊഴിൽ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാവുമെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസർ എന്നിവർ ജീവനക്കാരോട് വ്യക്തമാക്കി.
തൊഴിൽ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിന്റെ നടപടികൾ. പുതിയ ലേബർ കോഡ് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇവിടെയാണ് ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും പെരുവഴിയിലായപ്പോൾ മൂക സാക്ഷിയായി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാറും പിന്തുടരുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നടപടികൾ നടത്താൻ ഒരു കമ്പനിയ്ക്കും ധൈര്യമുണ്ടായിരുന്നില്ല. ലാഭകരമായി പ്രവർത്തിക്കുമ്പോഴാണ് കോറോ ഹെൽത്ത് കമ്പനി കേരളത്തിലുള്ള രണ്ട് ഓഫീസുകളും അടച്ചുപൂട്ടിയത്. ഇതേ സമയം ചെന്നൈയിലും ബംഗളൂരുവിലുമെല്ലാം സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജീവനക്കാരെ പിരിച്ചുവിടുമ്പോഴാണ് മറ്റ് സ്ഥലങ്ങളിൽ കൂടുതൽ പേരെ ജോലിക്കെടുത്തത്. കുറഞ്ഞ വേതനത്തിന് പുതിയ ജീവനക്കാരെ നിയമിച്ച് മുന്നോട്ട് പോകാനാണ് കമ്പനിയുടെ നീക്കം. തൊഴിൽ നിയമങ്ങൾ പാലിക്കാതെയുള്ള കമ്പനി നടപടികൾ ചോദ്യം ചെയ്തതിനാണ് പല ജീവനക്കാരെയും സ്ഥാപനം വേട്ടയാടിയത്. നേരത്തെയും സ്ഥാപനത്തിൽ നിന്ന് പലരെയും പുറത്താക്കിയിരുന്നു. നോട്ടീസ് പോലും മുന്നൂറോളം ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കുകയെന്നത് കേരളത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കായി എല്ലാ വിഭാഗം തൊഴിലാളികളെയും യോജിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ജീവനക്കാരെ അന്യായമായി പിരിച്ചു വിട്ട കോറോ ഹെൽത്ത് ഇൻഫോടെക് കമ്പനി നടപടിയിൽ പ്രതിഷേധിച്ചു വെസ്റ്റ്ഹിൽ ചുങ്കത്തെ കമ്പനി ഓഫിസിലേക്ക് സിഐടിയു നേതൃത്വത്തിലും മാർച്ച് നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.










