കാരശ്ശേരി: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ പൊതുക്കിണർ ഇടിഞ്ഞുതാഴ്ന്നു. കാരശ്ശേരി – കറുത്തപറമ്പ് റോഡിൽ ആയുർവേദ ഹോസ്പിറ്റലിന് സമീപമുള്ള വലിയ കിണറാണ് ഇന്നലെ രാത്രിയോടെ പൂർണ്ണമായും ഇടിഞ്ഞുപോയത്.
ഏതാണ്ട് 70 വർഷത്തോളം പഴക്കമുള്ള ഈ കിണർ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നു. വേനൽക്കാലത്ത് പോലും വറ്റാത്ത കിണർ പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
മഴ തുടരുന്നതിനാൽ കിണറിന്റെ പരിസരപ്രദേശങ്ങളിൽ ഇനിയും മണ്ണ് ഇടിയാൻ സാധ്യതയുള്ളതിനാൽ അധികൃതർ എത്രയും പെട്ടെന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.










