LatestPolitics

അതിഥി തൊഴിലാളികളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് മലയാളിയുടെ പ്രവാസി സ്വത്വത്തെ അവഹേളിക്കുന്നത്: അഡ്വ. പി ഗവാസ്

Nano News

കോഴിക്കോട്: നിയമസഭയിൽ വെച്ച് അതിഥി തൊഴിലാളികളെ അധിക്ഷേപിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട് ആഗോളതലത്തിൽ മലയാളി കൈവരിച്ച പ്രവാസി സ്വത്വത്തെ അവഹേളിക്കുന്നതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. സാംസ്കാരിക കേരളത്തിന് അപമാനമായ പ്രസ്താവനയായിരുന്നു മുഖ്യമന്ത്രിയുടേത്. തങ്ങൾ അധ്വാനിച്ച് സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം കുടുംബത്തിന് അയയ്ക്കുന്നത് ഓരോ വ്യക്തിയുടെയും അവകാശമാണ്. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് നാടുകളിൾ ഉൾപ്പെടെ ജോലി ചെയ്ത് അയയ്ക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായത്. ഓരോ നാട്ടിലും ജോലി ചെയ്യുന്നവർ പണം അവിടെ തന്നെ ചെലവഴിക്കണം എന്ന് ഭരണകൂടങ്ങൾ ചിന്തിച്ചാൽ പ്രവാസികളുടെയും കേരളത്തിന്റെയും അവസ്ഥയെന്താവുമെന്ന് മുഖ്യമന്ത്രി ചിന്തിക്കണം. പ്രവാസികളെ പൂർണമായും അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് അങ്ങേയറ്റം വിരോധാഭാസമാണെന്നും ഗവാസ് പറഞ്ഞു. കേന്ദ്ര- കേരള സർക്കാറിന്റെ പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വെസ്റ്റ്ഹിൽ അത്താണിക്കലിലെ കോഴിക്കോട് പാസ്പോർട്ട് സേവ കേന്ദ്ര ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് ഭരണത്തിൽ പ്രവാസി ക്ഷേമത്തിന് ഇരുന്നൂറ് കോടി രൂപയോളമാണ് മാറ്റിവെച്ചത്. അധികാരം ഒഴിയുന്നത് വരെ പ്രവാസി പെൻഷനും ആനുകൂല്യങ്ങളും സർക്കാർ മുടങ്ങാതെ വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ പെൻഷൻ മുടങ്ങിയിരിക്കുകയാണ്. ബജറ്റിലാവട്ടെ പ്രവാസികളെ പൂർണമായും അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഏറ്റവും വലിയ പ്രവാസി സംഘടന തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന മുസ്ലീം ലീഗ് പോലും പ്രവാസികളുടെ പ്രശ്നത്തിൽ മൗനം പാലിക്കുന്നു. ഇതിനൊപ്പമാണ് കേന്ദ്രത്തിന്റെയും നടപടികൾ. പാസ്പോർട്ട് ഫീസ് ഉൾപ്പെടെ കുത്തനെ വർധിപ്പിച്ചത് വലിയ തിരിച്ചടിയാവുകയാണ്. പ്രവാസി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും പ്രവാസി പെൻഷൻ വർധിപ്പിക്കണമെന്നും പ്രവാസികളോടുള്ള അവഗണന കേന്ദ്ര- കേരള സർക്കാറുകൾ അവസാനിപ്പിക്കണമെന്നും ഗവാസ് ആവശ്യപ്പെട്ടു. പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വേണു ഇ, റഷീദ് ടി പി, ആശ ശശാങ്കൻ, ആഷിക ടീച്ചർ, കെ എ നാസർ, ഇസ്ഹാഖ് കടലുണ്ടി, വിശ്വനാഥൻ വെങ്ങിലോട്ട് സംസാരിച്ചു. ടി താജുദ്ദീൻ, ഒ എം അശോകൻ, ശശി കാർത്തികപ്പള്ളി, ബാബു, ഉമൈബ തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply

error: Content is protected !!