കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും. 17 വേദികളിലായി ഇന്‍ക്ലൂസിവ് ഗെയിംസും മറ്റ് ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും.
ചരിത്രത്തിലാദ്യമായി സവിശേഷ പരിഗണനയുള്ള കുട്ടികളെയും കേരള സിലബസില്‍ പഠിക്കുന്ന യുഎഇ സ്‌കൂളുകളിലെ കുട്ടികളെയും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന കായികമേളയില്‍ 18 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്. മീറ്റിന്റെ പ്രധാന വേദിയായ മഹാരാജാസില്‍ ഇന്‍ക്ലൂസീവ് മത്സരങ്ങളാണ് നടത്തപ്പെടുക.
അത്‌ലറ്റിക്‌സ് ഫുട്‌ബോള്‍ മത്സരങ്ങളാണ് ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ ഉള്ളത്. എറണാകുളം ജില്ലയിലെ മറ്റ് 16 വേദികളിലായി ടെന്നീസ് ,ടേബിള്‍ ടെന്നീസ് ,ബാഡ്മിന്റണ്‍, ജൂഡോ, ഫുട്‌ബോള്‍ ത്രോ ബോള്‍ ,സോഫ്റ്റ് ബോള്‍ വോളിബോള്‍, ഹാന്‍ഡ് ബോള്‍, നീന്തല്‍ എന്നീ മത്സരങ്ങളും ആദ്യദിവസം നടക്കും. മത്സരങ്ങള്‍ക്ക് അരമണിക്കൂര്‍ മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം മത്സരാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. ആദ്യദിവസം 8 ഫൈനല്‍ മത്സരങ്ങള്‍ ആണുള്ളത്.