Latest

സപ്ലൈകോ ഓണം മെഗാ ട്രേഡ്ഫയറിന് തുടക്കം

Nano News

കോഴിക്കോട്: അധികച്ചെലവിന്റെ ഉത്സവകാലത്ത് സപ്ലൈകോ നടത്തുന്ന വിപണിയിടപെടൽ സാധാരണക്കാർക്ക് താങ്ങാവുകയാണെന്ന് വ്യവസായം, വിവരസാങ്കേതിക, നിർമിത ബുദ്ധി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

ഓണം 2026 സപ്ലൈകോ മെഗാട്രേഡ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപനയും കോഴിക്കോട് ബീച്ചിൽ ഓപ്പൺ സ്റ്റേജിന് മുൻവശത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ അഡ്വ. ഫൈസൽ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഒ സദാശിവൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൗൺസിലർമാരായ എൻ പി സൗഫിയ, സഫറി വെള്ളയിൽ, സപ്ലൈകോ മാനേജിങ് ഡയറക്ടർ വി എം ജയകൃഷ്ണൻ, ജനറൽ മാനേജർ എം യു ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ഓണക്കാലത്ത് മിതമായ വിലയിൽ ഉത്പന്നങ്ങൾ നൽകുന്നതിനു പുറമെ മികച്ച ഷോപിംഗ് അനുഭവം കൂടി നൽകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ. സ്വകാര്യ, സർക്കാർ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഇത്തവണ ഉൾപ്പെടുത്തിയാണ് ഇത്തവണ ട്രേഡ്ഫെയർ സംഘടിപ്പിക്കുന്നത്. 4000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർകണ്ടീഷൻഡ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ വൈകീട്ട് ഒമ്പത് വരെയാണ് മെഗാ ട്രേഡ് ഫെയർ പ്രവർത്തിക്കുക. സംസ്ഥാനത്തെ മറ്റു 11 ജില്ലകളിലും പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 14-ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെ നടത്തും.

ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വിൽപന ശാലകളിൽ ലഭിക്കും. പരമാവധി വിൽപന വില 1280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക.


Reporter
the authorReporter

Leave a Reply

error: Content is protected !!