ഉത്തരാഖണ്ഡ് :ചമോലിയിൽ മേഘവിസ്ഫോടനം. ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെത്തുടർന്ന് തമാക് നല (Tamak Nala) അരുവിയിലെ ജലനിരപ്പ് ഉയർന്നതോടെ, ജ്യോതിർമഠിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ മലാരി ദേശീയപാതയെ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി.ഇതോടെ നിതി താഴ് വരയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. അതിർത്തി മേഖലയിലെ പത്തിലധികം ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.ഒരു മാസം മുൻപ് മാത്രം നിർമ്മിച്ച പാലമാണ് കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ശക്തമായ ഒഴുക്കിലും പെട്ട് തകർന്നത്. പാലം തകർന്നതോടെ അതിർത്തിയിലെ പല ഗ്രാമങ്ങളിലേക്കുമുള്ള യാത്രാസൗകര്യം പൂർണ്ണമായും നിലച്ചു. സ്ഥലത്ത് ദുരന്തനിവാരണ സേനകളെ ഭരണകൂടം വിന്യസിപ്പിച്ചു.
മഴക്കാലത്ത് ഈ പാത നേരിടുന്ന ദുർബലാവസ്ഥയെ ഈ സംഭവം വീണ്ടും എടുത്തുകാണിക്കുന്നു. കഴിഞ്ഞ വർഷം ‘തമാക് നല’ എന്ന അരുവി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ഇതേ സ്ഥലത്തുണ്ടായിരുന്ന സ്ഥിരം പാലവും ഒലിച്ചുപോയിരുന്നു. മഴക്കാലത്ത് അരുവി കരകവിയുമ്പോഴെല്ലാം ഈ പാലത്തിന് കേടുപാടുകൾ സംഭവിക്കുകയോ അത് തകരുകയോ ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഉച്ചകഴിഞ്ഞ് അരുവിയിലെ ജലനിരപ്പ് പെട്ടെന്നുയർന്നതിനെത്തുടർന്നാണ് പാലം ഒലിച്ചുപോയതെന്ന് പ്രദേശവാസികൾ പറയുന്നു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ് . സംഭവത്തെത്തുടർന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (BRO) ഒരു ജീവനക്കാരനെ കാണാതായിട്ടുണ്ട്. എസ്.ഡി.ആർ.എഫ് (SDRF), എൻ.ഡി.ആർ.എഫ് (NDRF), ജില്ലാ ഭരണകൂടം എന്നിവയുടെ സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചു.










