പേരാമ്പ്ര: കുട്ടികളുടെ ബാല്യകാല ജീവിതം സർഗാത്മകമാവുമ്പോഴാണ് അവർ നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുകയും തിന്മയെ ചോദ്യം ചെയ്യാൻ കഴിവും ധൈര്യവുമുള്ളവരായി മാറുകയും ചെയ്യുകയെന്ന് ബാലസാഹിത്യകാരിയും കുട്ടികളുടെ നാടക പ്രവർത്തകയുമായ ഷേർലി സോമസുന്ദരം പറഞ്ഞു. പഠനത്തോടൊപ്പം ആശയബോധവും അർപ്പണമനോഭാവവും പരിസ്ഥിതി സ്നേഹവും അവരിൽ വളരാൻ കുട്ടികളുടെ കൂട്ടായ്മയ്ക്ക് സാധിക്കും. ബാലവേദി കോഴിക്കോട് ജില്ലാ കലോത്സവം ‘സർഗോദയം’ പേരാമ്പ്ര ആവള മഠത്തിൽ മുക്ക് ഗവൺമെന്റ് ജിഎൽപി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷേർലി സോമസുന്ദരം.
ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബി ബി ബിനീഷ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയക്ടർ രാജൻ നരയംകുളം ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ മുഖ്യ രക്ഷാധികാരി അഡ്വ. പി ഗവാസ്, കെ കെ ബാലൻമാസ്റ്റർ, ടി എം ശശി, അജയ് ആവള, വൈശാഖ് കല്ലാച്ചി പങ്കെടുത്തു. സംഘാടക സമിതി കൺവീനർ ബിനോയ് എ ബി സ്വാഗതം പറഞ്ഞു.
തുടർന്ന്, കോഴിക്കോട് റെഡ് എഫ്എം റേഡിയോ ജോക്കി ആര്യശ്രീ ‘ഒരുമിച്ചിരിക്കാം ഒരുമിച്ച് പാടം’ എന്ന പരിപാടി കുട്ടികളുമായി ചേർന്നവതരിപ്പിച്ചു. നാടക-സിനിമാ പ്രവർത്തകനായ പ്രദീപ് മുദ്ര നാടക കളരി നടത്തി കുട്ടികൾക്ക് നാടകത്തിന്റെ ബാലപാഠങ്ങൾ പിരിശീലിപ്പിച്ചു. ‘അത്ഭുത ലോകത്തെ അടുത്തറിയാൻ റോബോർട്ടിക്സും ഇലക്ട്രോണിക്സും’ എന്ന വിഷയത്തിൽ റോബോട്ടിക് ട്രെയ്നർ മുഹമ്മദ് അൻഷാദ് വി ക്ലാസെടുത്തു.

തുടർന്ന് യുദ്ധവിരുദ്ധ പ്രഭാഷണവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബാലവേദി സംസ്ഥാന രക്ഷാധികാരി സമിതി അംഗങ്ങളായ സത്യൻ മൊകേരി, അഡ്വ. പി വസന്തം എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സർഗോദയം ക്യാമ്പ് ഇന്നും തുടരും. പന്ന്യൻ രവീന്ദ്രൻ, എം എം സജീന്ദ്രൻ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുക്കും. ആവള വയലും ഗ്രാമ ഭംഗിയും കണ്ടും പഴയകാല കർഷക, കർഷകത്തൊഴിലാളികളുമായി സംവദിച്ചും കുട്ടികളുടെ യാത്രയും നടക്കും.










