കോഴിക്കോട്: അപാരമായ മനുഷ്യസ്നേഹത്തെ സമൂഹത്തിൽ പ്രസരിപ്പിച്ച കവിയും കമ്മ്യൂണിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണനെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ. പെരുമ്പുഴ ഗോപാലകൃഷ്ണന്റെ നാമധേയത്തിലുള്ള പുരസ്കാരം പ്രശസ്ത കവി പി കെ ഗോപിക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയെ സംബന്ധിച്ച് കവിത തന്നെയാണ് രാഷ്ടീയവും പോരാട്ടവും. മഹാകാവ്യങ്ങളെക്കാൾ ശക്തി പലപ്പോഴും കവികളെഴുതുന്ന മഹാവാക്യങ്ങൾക്കുണ്ട്. ശ്രീനാരായണഗുരുവും കുമാരനാശാനും അത്തരത്തിൽ മഹാവാക്യങ്ങൾ സൃഷ്ടിച്ച ആളുകളാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു വാക്യം ഒട്ടേറെ മനുഷ്യരുടെ ഉള്ളിൽ വെളിച്ചമാകുക മാത്രമല്ല ആധുനിക കേരളത്തെ കെട്ടിപ്പടുക്കാനും സഹായകമായ വാക്യമാണ്. കവിതയെ ആയുധവും സ്നേഹവുമാക്കിയ ഒട്ടേറെ ആളുകൾ ഇവിടെ ഉണ്ടായിരുന്നു. വയലാറും പി ഭാസ്കരനും ഒഎൻവിയും പുതുശ്ശേരി രാമചന്ദ്രനും തലയെടുപ്പോടെ നിലകൊണ്ട നിരയിൽ തന്നെയാണ് പെരുമ്പുഴയും പി കെ ഗോപിയുമൊക്കെയുള്ളത്. സംഗീതത്തെയും സൗന്ദര്യത്തെയും ഉണർത്തുന്ന മനുഷ്യഗാഥകൾ എഴുതിയവരാണിവർ. ദേവരാജൻ മാഷെന്ന മഹാസംഗീതപ്രതിഭാസത്തെ മലയാളിയുടെ മുന്നിലേക്ക് വിടർത്തിക്കാട്ടിത്തന്ന ആളാണ് പെരുമ്പുഴ ഗോപാലകൃഷ്ണനെന്ന കവി. ദേവരാജൻ മാഷും ഒഎൻവിയും പി ഭാസ്കരനും തുറന്നിട്ട ഗാനശാഖയെ മലയാളികൾക്ക് വേണ്ടി അദ്ദേഹം അനാവരണം ചെയ്തു. അവർക്ക് പിന്നാലെ കടന്നുവന്ന പി കെ ഗോപി നാട്ടുവെളിച്ചത്തെ കവിതയിലേക്കും പാട്ടുകളിലേക്കും കടത്തിവിട്ട ആളാണെന്നും മനുഷ്യസ്നേഹിയായ പെരുമ്പുഴയുടെ പേരിലുള്ള പുരസ്കാരം അതേതരത്തിൽ സർഗാത്മകതയുള്ള ആൾക്ക് തന്നെയാണ് സമ്മാനിക്കാൻ ഭാഗ്യമുണ്ടായതെന്നും ആലങ്കോട് പറഞ്ഞു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ അധ്യക്ഷത വഹിച്ചു. ടി വി ബാലൻ, എം എം സചീന്ദ്രൻ എന്നിവർ സംസാരിച്ചു. സോമൻ ചിറ്റല്ലൂർ സ്വാഗതവും ബിജു പെരുമ്പുഴ നന്ദിയും പറഞ്ഞു. തുടർന്ന് ജി ശ്രീറാമും അപർണ രാജീവും നയിച്ച ഗാനാഞ്ജലിയും അരങ്ങേറി.
. . . . . .










