കോഴിക്കോട്: സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. അതനുസരിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഹൈറേഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതിയിൽ നിന്നുള്ള നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിർമ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.