കോഴിക്കോട്: ഇന്ത്യയിലാദ്യമായി ഭൂഗർഭ കന്ദത്തോടുകൂടിയ (ചെടിയുടെ തണ്ടിന്റെ ഭാഗമായി വളരുന്നതും ഭക്ഷണം സംഭരിക്കുന്നതുമായ ഭൂഗർഭ തണ്ടുകൾ) സസ്യത്തെ കണ്ടെത്തി കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ കിഴക്കൻ ഖാസി കുന്നുകളിൽ നിന്നാണ് ഭൂഗർഭ കന്ദത്തോടുകൂടിയ പുതിയ ഇനം ‘എരിയോക്കോളൻ‘ സസ്യത്തെ കണ്ടെത്തിയത്. ആഗോളതലത്തിൽ ലാവോസിലും തായ്ലൻഡിലും മാത്രമാണ് ഇതിന് മുമ്പ് ഇത്തരത്തിലുള്ള സസ്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്. സസ്യം ശേഖരിച്ച പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് ഇതിന് ‘എരിയോക്കോളൻ മേഘാലയൻസ്’ എന്ന ശാസ്ത്രീയ നാമം നൽകിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ സസ്യശാസ്ത്ര വിഭാഗം മുൻ വകുപ്പ് മേധാവിയും റിട്ട. സീനിയർ പ്രൊഫസറുമായ ഡോ. സന്തോഷ് നമ്പി, കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പിലെ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ പ്ലാന്റ് ടാക്സോണമി ആന്റ് ബയോപ്രോസ്പെക്റ്റിംഗ് കേന്ദ്രത്തിലെ ഗവേഷകരായ എ വാഹിദ പർവീൻ, വി കെ ലുലു മുംതാസ്, കെ പി വൈഷ്ണവി, അർച്ചന ബാലകൃഷ്ണൻ, കെ അർഷദ് എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ.
ഈ സസ്യത്തിന് ചുവട്ടിൽ നിന്നും വട്ടത്തിൽ ക്രമീകരിക്കപ്പെട്ട മൂന്ന് മുതൽ 7.5 സെന്റിമീറ്റർ വരെ നീളമുള്ള ഇലകളാണ്. അഗ്രഭാഗം കൂർത്തതും നേർത്തതുമായ ഈ ഇലകൾ മണ്ണിനടിയിലുള്ള കട്ടിയുള്ള തണ്ടിൽ നിന്നാണ് പുറപ്പെടുന്നത്. അഞ്ചു കോണുകളുള്ള തണ്ടുകളുടെ അഗ്രഭാഗത്തായി ഗോളാകൃതിയിലാണ് പൂങ്കുലകൾ കാണപ്പെടുക. വെള്ളനിറത്തിലുള്ള ചെറിയ പൂക്കൾ ഒരു ബട്ടൺ പോലെ ദൃശ്യമാകും. പൂക്കൾക്കുള്ളിലെ കറുത്ത ഗ്രന്ഥികളും വിത്തുകളുടെ ഘടനയുമാണ് ഈ സസ്യത്തെ ഇതേ വിഭാഗത്തിലെ മറ്റ് ഇനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത്. അന്താരാഷ്ട്ര സസ്യവർഗീകരണ ജേണലായ ‘ ഫൈറ്റോടാക്സ ‘ യുടെ ഏറ്റവും പുതിയ ലക്കത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി ഈ വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങൾ മൺസൂൺ കാലത്ത് മാത്രം വളരുകയും വേനൽക്കാലത്ത് ഉണങ്ങിപ്പോവുകയുമാണ് പതിവ്. എന്നാൽ മേഘാലയയിലെ വരൾച്ചയെ അതിജീവിക്കാൻ മണ്ണിനടിയിലുള്ള ഈ കന്ദം സസ്യത്തെ സഹായിക്കുന്നു.










