Latest

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു


മലപ്പുറം: എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ചാലിയാറിന് കുറുകെ എളമരം കടവില്‍ നിര്‍മിച്ച പാലം മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എളമരത്തെയും കോഴിക്കോട് ജില്ലയിലെ മാവൂരിനെയും ബന്ധിപ്പിക്കുന്നു. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 350 മീറ്റര്‍ നീളത്തിലും 11.5 മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിന് 10 സ്പാനുകളാണുള്ളത്. ചാലിയാറിലെ പ്രളയ സാധ്യത മുന്നില്‍ കണ്ട് വിദഗ്ധ സംഘത്തിന്റെ നിര്‍ദേശാനുസരണം ഒരു മീറ്റര്‍ ഉയരം കൂട്ടി പാലത്തിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പാലം മുതല്‍ എടവണ്ണപ്പാറ വരെയുള്ള 2.8 കിലോമീറ്റര്‍ അപ്രോച്ച് റോഡും എളമരം ജംങ്ഷന്‍ മുതല്‍ വാലില്ലാപുഴ വരെയുള്ള 1.8 കിലോമീറ്റര്‍ റോഡും മറുഭാഗത്ത് പാലം മുതല്‍ മാവൂര്‍ വരെയുള്ള ഒരു കിലോമീറ്റര്‍ അപ്രോച്ച് റോഡുകളുടെ നിര്‍മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചത്.

പാലം ഗതാഗതത്തിന് തുറന്നതോടെ എളമരം, അരീക്കോട് കൊണ്ടോട്ടി ഭാഗത്തുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി, കുന്നമംഗലം, വയനാട് ഭാഗങ്ങളിലേക്കും കുന്നമംഗലം താമരശേരി, വയനാട് ഭാഗത്ത് നിന്നുള്ളവര്‍ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ട്, മലപ്പുറം, പാലക്കാട് മേഖലകളിലക്കും എളുപ്പത്തില്‍ എത്തിചേരാനാവും. മലപ്പുറം പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള പി.ടി.എസ് ഹൈടൈക് പ്രൊജക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ ബില്‍ഡേഴ്‌സും ചേര്‍ന്നാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ചടങ്ങിൽ ടി.വി ഇബ്രാഹിം എം. എൽ. എ അധ്യക്ഷനായി. എം.പിമാരായ ഡോ: എം.പി അബ്ദുസമദ് സമദാനി , ഇ.ടി മുഹമ്മദ് ബഷീർ, എളമരം കരീം, പി.ടി എ റഹിം എം.എൽ.എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹിമാൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പുലപ്പാടി ഉമ്മർ മാസ്റ്റർ, ജനപ്രതിനിധികളായ സുധ കമ്പളത്ത്, പി. അബൂബക്കർ , മൈമുന കട്ക്കഞ്ചേരി, ജന്ന ശിഹാബ്, വാസന്തി , ഗ്രാസിം ഇൻഡസ്ട്രി ലിമിറ്റഡ് മാനേജർ ലഫ്റ്റനന്റ് കേണൽ കെ.കെ മനു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എൻ. പ്രമോദ് ദാസ് , രവി തേലത്ത്, ജബാർ ഹാജി, ജൈസൽ എളമരം, സലാം എളമരം, ആലപ്പാട്ട് അബൂബക്കർ ഹാജി, കെ ബാലകൃഷണൻ, മലപ്പുറം ദേശീയപാതവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ അബ്ദുൾ അസീസ്, ദേശീയപാത കോഴിക്കോട് ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയർ ജി.എസ്. ദിലീപ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply