Wednesday, December 4, 2024
ExclusiveLatest

ആന്‍ലിനയുടെ പരാതിയില്‍ പരിഹാരമാകുന്നു; കണിയാമ്പുഴത്തീരം പൂവാടിയാകും


“മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെ
ശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം”
സി.ഡി സലീം കുമാർ
കൊച്ചി:നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കണിയാമ്പുഴയുടെ തീരത്ത് ആന്‍ലിനയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കെ. ബാബു എം.എല്‍.എയും ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കും ചേര്‍ന്നാണ് ശുചീകരണ യജ്ഞം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ ഭാഗത്ത് പൂച്ചെടികള്‍ വച്ചു പിടിപ്പിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.
മാലിന്യപ്രശ്‌നം നിയമം മൂലം നിരോധിക്കുന്നതിന് ഉപരിയായി ജനങ്ങള്‍ എപ്പോഴും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും എപ്പോഴും കണ്ണ് തുറന്നിരിക്കുകയും ചെയ്താല്‍ മാത്രമേ  പരിഹാരമാകൂവെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. പ്രദേശത്ത് കാമറ സ്ഥാപിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. അതിന് ആവശ്യമായ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു തുടക്കമാകട്ടെ എന്നും നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന മറ്റു സ്ഥലങ്ങളും വൃത്തിയാക്കി പൂന്തോട്ടങ്ങളും പാര്‍ക്കുകളും നിര്‍മിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് റോഡുകളും ജലാശയങ്ങളും സംരക്ഷിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി നേവല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിനയുടെ പരാതിയാണ് കണിയാമ്പുഴയെ വീണ്ടെടുക്കുന്നതിലേക്ക് നയിച്ചത്. സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആന്‍ലീന ചിത്രങ്ങള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി അയക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ശുചീകരണ പ്രവര്‍ത്തനം നടത്തിയതുകൊണ്ട് മാത്രം മാലിന്യപ്രശ്‌നം അവസാനിക്കുകയില്ലെന്ന് വ്യക്തമായതോടെയാണ് പ്രദേശം വൃത്തിയാക്കി പൂച്ചെടികള്‍ നട്ടുവളര്‍ത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ശുചീകരണ യജ്ഞത്തില്‍ തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ്, വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ് കുമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.എ ബെന്നി, കൗണ്‍സിലര്‍മാരായ ബിന്ദു ശൈലേന്ദ്രന്‍, അഖില്‍ ദാസ്, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. സന്ധ്യ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസര്‍ എല്‍ദോ ജോസഫ്, തൃപ്പൂണിത്തറ നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു, കൊച്ചി നേവല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പടെയുള്ളവരും, ഹരിത കര്‍മ്മ സേന അംഗങ്ങളും പങ്കെടുത്തു. ഇവിടെ നട്ടുപിടിപ്പിക്കാനുള്ള പൂച്ചെടികള്‍ അധികൃതരില്‍ നിന്ന് കുട്ടികള്‍ ഏറ്റുവാങ്ങി
ശുചീകരണ യജ്ഞത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് നെഹ്‌റു യുവകേന്ദ്രയുടെ പ്രതിനിധികളായ കെ.ടി അഖില്‍ ദാസ്, സൈലാസ് സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Reporter
the authorReporter

Leave a Reply