ചെന്നൈ: തമിഴ് സിനിമയിലെ ശ്രദ്ധയ ഛായാഗ്രഹകനും സംവിധായകനുമായ ആർ ചെഴിയൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചെന്നൈ താരമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കല്ലൂരി, തെന്മേർക്ക് പരുവക്കാറ്റ്, പരദേശി, ജോക്കർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്ന ചെഴിയന്റെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ടു ലെറ്റ് എന്ന ചിത്രം മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്. കുറഞ്ഞ ബജറ്റിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി ചെഴിയൻ സംവിധാനം ചെയ്ത ഈ ചിത്രം നിരവധി ഫിലിം ഫെസ്റ്റിവലുകളിലാണ് അംഗീകാരങ്ങൾ നേടിയത്. സന്തോഷ് ശ്രീറാം ശീല രാജ് കുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. ബംഗളൂരു, ഗോവ, ഫിലിം ഫെസ്റ്റിവലുകളിലും ഇന്തോനേഷ്യ, ചിലി, ഇറ്റലി, പോളണ്ട്, മെക്സിക്കോ, കസാഖ്സ്താൻ, വെനസ്വേല, കാലിഫോർണിയ, ലോസ് ഏഞ്ജൽസ് ചലച്ചിത്രോത്സവങ്ങളിലും പുരസ്ക്കാരം നേടി. വളരെ സെൻസിബിളും മനോഹരവുമായ ചിത്രമെന്നായിരുന്നു ടു ലെറ്റിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്. ഭാര്യ പ്രേമയുടെ ലാ സിനിമയുടെ ബാനറിൽ നിർമിച്ച ഈ ചിത്രം ഇടത്തരം കുടുംബത്തിന്റെ വാടക വീട് തേടിയുള്ള ജീവിത യാത്രയാണ് ആവിഷ്ക്കരിച്ചത്. വാടക വീട്ടിൽ ഭാര്യ അമുദയോടും അഞ്ചു വയസുകാരനായ മകൻ സിദ്ധാർത്ഥിനോടുമൊപ്പം താമസിക്കുകയാണ് ചലച്ചിത്ര സഹസംവിധായകനായ ഇളങ്കോ. മറ്റൊരു ഐ ടി ഉദ്യോഗസ്ഥന് ഉയർന്ന വാടകയ്ക്ക് വീട് നൽകാൻ വീട്ടുടമസ്ഥൻ വീടൊഴിയാൻ ആവശ്യപ്പെട്ട് ഇളങ്കോയ്ക്ക് നോട്ടീസ് അയയ്ക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് ഏറെ റിയലിസ്റ്റിക്കായി ചെഴിയൻ അവതരിപ്പിച്ചത്. 2017 ലാണ് ചിത്രം പുറത്തിറങ്ങിയത്.
ശിവഗംഗ സ്വദേശിയായ ചെഴിയൻ പ്രമുഖ ഛായാഗ്രഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് തമിഴ് സിനിമയിലെ മികച്ച ഛായാഗ്രഹകരിൽ ഒരാളായി അദ്ദേഹം വളർന്നു. തമ്പി എന്ന ചിത്രത്തിൽ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. 2007 ൽ പുറത്തിറങ്ങിയ കല്ലൂരിയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. 2013 ൽ പുറത്തിറങ്ങിയ പരദേശിയിലെ ഛായാഗ്രഹണത്തിന് ലണ്ടൻ ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രഹകനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ലോക സിനിമയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഉലഗ സിനിമ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള എ ലിറ്റിൽ ഡ്രീം ഉൾപ്പെടെ നിരവധി ഡോക്യുമെന്ററികൾക്കും ക്യാമറ ചലിച്ചിപ്പിച്ചു. നിര്യാണത്തിൽ തമിഴ് ചലച്ചിത്ര ലോകം അനുശോചനം രേഖപ്പെടുത്തി.











