Latest

വീണ്ടും വീണ്ടും വായിക്കപ്പെടുന്ന രചനകൾ: ഉറൂബിന്റെ ഓർമകൾക്ക് 47 വയസ് …..🖋️കെ കെ ജയേഷ്

Nano News

  ….🖋️കെ കെ ജയേഷ്

📖 …….ഇടയ്ക്കെങ്കിലും അതി വൈകാരികമെന്ന് തോന്നിപ്പിച്ചേക്കാവുന്ന നിമിഷങ്ങൾ. ഇടയ്ക്കെങ്കിലും അതി വൈകാരികതയിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങൾ. എന്നാൽ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെ ലളിതമായ ഭാഷയിലൂടെയും ഹൃദയം കീഴടക്കുന്ന ശൈലിയിലൂടെയും അവതരിപ്പിക്കുമ്പോൾ സാധാരണ ജീവിതങ്ങളുടെ അസാധാരണമായ വായനാനുഭവങ്ങളായി ആ രചനകൾ മാറുകയായിരുന്നു. സാമൂഹ്യ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ, സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ, മനുഷ്യ മനസിലെ സൂക്ഷ്മ വികാരണങ്ങളെല്ലാം കൃത്യമായി കണ്ണിചേർത്ത് ഉറൂബ് പകർത്തിയപ്പോൾ ആ കൃതികളെല്ലാം കാലങ്ങൾക്കിപ്പുറവും വീണ്ടും വീണ്ടും വായിക്കപ്പെടുകയാണ്. ശക്തമായ സ്ത്രീ സാന്നിധ്യമാണ് ഉറൂബിന്റെ രചനകളുടെ മുഖമുദ്ര. രാച്ചിയമ്മയും ഉമ്മാച്ചുവുമെല്ലാം സ്ത്രീകളുടെ അടക്കിപ്പിടിച്ച മനോവ്യാപാരങ്ങളെ അടയാളപ്പെടുത്തി. മനസിന്റെ വ്യാപാരങ്ങളെ ഇത്രമേൽ ഹൃദ്യമായി അവതരിപ്പിച്ച മലയാള നോവലിസ്റ്റുകൾ ഒരു പക്ഷേ ഉറൂബിന്റെ തലമുറയിൽ വളരെ കുറവായിരിക്കും. സ്ത്രീ മനസിന്റെ ആന്തരികവും ബാഹ്യവുമായ ഉൾക്കാഴ്ചകളും വികാര വിചാരങ്ങളുമെല്ലാം ഉറൂബ് കൃതികളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമമാണ് പി സി കുട്ടിക്കൃഷ്ണൻ എന്ന ഉറൂബിന്റെ ജന്മദേശം. എന്നാൽ കർമം കൊണ്ട് അദ്ദേഹം കോഴിക്കോട്ടുകാരനായിരുന്നു. 1952ൽ ആകാശവാണിയിൽ ജോലി ചെയ്യവരെ ഒരു ആഴ്ചപ്പതിപ്പിൽ ഒരു ലേഖനം എഴുതി. ജോലിയിലിരിക്കെ എഴുതണമെങ്കിൽ പ്രത്യേകം അനുമതി തേടണം. അതോടെയാണ് ഉറൂബ് എന്ന തൂലികാ നാമം സ്വീകരിക്കാൻ തീരുമാനിച്ചത്. ‘യൗവനം നശിക്കാത്തവൻ’ എന്നാണ് ഈ അറബി വാക്കിന്റെ അർത്ഥം. ആ പേരു പോലെ തന്നെ അദ്ദേഹത്തിന്റെ കൃതികളും യൗവനം നശിക്കാതെ വായനക്കാരുടെ മനസിൽ ഇന്നും തളിർത്തു നിൽക്കുക തന്നെയാണ്. ഉമ്മാച്ചുവും സുന്ദരികളും സുന്ദരൻമാരുമെല്ലാം ആളുകൾ ഇന്നും തേടിപ്പിടിച്ച് വായിക്കുകയാണ്. വായിച്ചവർ തന്നെ വീണ്ടും വായിക്കുമ്പോൾ പുതിയ അർത്ഥ തലങ്ങളും ഭാവതലങ്ങളും ഈ പുസ്തകങ്ങൾ അവർക്ക് സമ്മാനിക്കുന്നു.


മലയാള ഭാവന കൈവരിച്ച എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട കൃതിയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരൻമാരും. എല്ലാ തിരിച്ചടികൾക്കൊടുക്കവും ഉയരുന്ന മനുഷ്യാഭിമാനത്തിന്റെ കിരീടം ഈ നോവലിൽ നിറയുന്നുണ്ട്. സ്നേഹത്തിന്റെയും കാമനകളുടെയും കഥയാണ് ഉമ്മാച്ചു. നഷ്ടങ്ങളും വേദനകളും കണ്ണീരുമെല്ലാം ഈ കൃതിയിൽ നിറഞ്ഞു നിൽക്കുന്നു. നിരവധി കഥാപാത്രങ്ങളുടെ സംഭവ ബഹുലമായ ജീവിതം അത്രമേൽ ഹൃദ്യമായി അവതരിപ്പിക്കുകയായിരുന്നു ഉമ്മാച്ചുവിൽ ഉറൂബ്.
സുന്ദരികളും സുന്ദരൻമാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേൻമുളളുകൾ തുടങ്ങിയവയാണ് ഉറൂബിന്റെ ശ്രദ്ധേയ നോവലുകൾ. ഇരുപതോളം ചെറുകഥാ സമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ രാച്ചിയമ്മ ഉൾപ്പെടെ ഇന്നും വായനക്കാരുടെ പ്രിയപ്പെട്ട കഥകളാണ്. ഉമ്മാച്ചുവിനെ അടിസ്ഥാനമാക്കി പി ഭാസ്ക്കരൻ ഒരുക്കിയ ചിത്രത്തിന്റെ രചന നിർവഹിച്ച ഉറൂബ് നീലക്കുയിൽ ഉൾപ്പെടെയുള്ള ശ്രദ്ധേയ ചലച്ചിത്രങ്ങളുടെയും രചയിതാവായി. പൊന്നമ്മയിലെ ധാത്രി എന്ന അഭിസാരിക, സാമ്പ്രദായിക സദാചാര ബോധങ്ങളെ പൊളിച്ചെഴുതുന്ന രാച്ചിയമ്മ, കാമുകനും ഭർത്താവിനും ഇടയിലെ ജാനകിക്കുട്ടിയുടെ ജീവിതം, കാൽപനികതയുടെ തണുപ്പില്ലാത്ത ഉമ്മാച്ചുവിന്റെ പ്രണയം….

സ്ത്രീത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ നിറ‍ഞ്ഞൊഴുകുന്നവയാണ് ഉറൂബിന്റെ രചനകൾ. കോഴിക്കോട് ആകാശവാണിയിൽ ഉദ്യോഗസ്ഥനായെത്തിയതുമുതൽ ഈ നഗരത്തിന്റെ ഭാഗമായി മാറുകയായിരുന്നു ഉറൂബ്. എന്നാൽ സാഹിത്യ നഗരം ഉറൂബിനെ മറന്നുപോയോ എന്നൊരു തോന്നൽ മനസിലുണ്ടെന്ന് സാംസ്കാരിക പ്രവർത്തകനായ പൃഥ്വിരാജ് മൊടക്കല്ലൂർ പറഞ്ഞു. പേരിനൊരു മ്യൂസിയം അല്ലാതെ ഉചിതമായൊരു സ്മാരകം ഇന്നും എഴുത്തുകാരന് കോഴിക്കോട്ടില്ല. നേരത്തെ കിളിയനാട് ഗവ. എൽ പി സ്കൂൾ കെട്ടിടത്തിലായിരുന്നു മ്യൂസിയം തുടങ്ങിയത്. പിന്നീട് ആനക്കുളം സാംസ്കാരിക നിലയത്തിലേക്ക് മാറ്റി. ഇപ്പോഴിത് മാനാഞ്ചിറ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ മുകൾ നിലയിലെ ചെറിയ മുറിയിലാണ്. ലൈബ്രറിയിലെത്തുന്നവർക്ക് പോലും ഇങ്ങനെയൊരു മ്യൂസിയം ഉള്ള കാര്യം അറിയില്ല എന്നതാണ് യാഥാർത്ഥ്യം. മുമ്പ് വൈക്കം മുഹമ്മദ് ബഷീർ റോഡ് തുടങ്ങുന്ന ഭാഗം മുതൽ ടൗൺഹാൾ വരെയുള്ള ഭാഗത്ത് ഉറൂബ് റോഡ് എന്നൊരു ഫലകം ഉണ്ടായിരുന്നു. ഇന്നത് അവിടെ കാണാനില്ല. മാനാഞ്ചിറ സെൻട്രൽ ലൈബ്രറിയിലേക്ക് മാറ്റിയ ഉറൂബ് മ്യൂസിയവും കാര്യക്ഷമമായില്ല. കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് ഉറൂബിന്റെ വെങ്കല പ്രതിമ സ്ഥാപിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനമെടുത്തിരുന്നെങ്കിലും അതും യാഥാർത്ഥ്യമായില്ല. ഒന്നുമില്ലെങ്കിലും യൗവനം ചോരാത്ത രചനകളിലൂടെ എഴുത്തുകാരൻ ഇന്നും വായനക്കാരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.


Reporter
the authorReporter

Leave a Reply

error: Content is protected !!