Latest

റെയിൽവേ സ്റ്റേഷനുകളിലെ അപകട സാധ്യതയുള്ള നിർമ്മിതികൾ പരിശോധിക്കണം : മനുഷ്യവകാശ കമ്മീഷൻ 

Nano News

കോഴിക്കോട് : റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണ് അപകടമുണ്ടായ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെയും അപകട സാധ്യതയുള്ള നിർമ്മിതികൾ അടിയന്തരമായി പരിശോധിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർക്കും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ക്ലോക്ക് ടവർ തകർന്നു വീണ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അപകടത്തിന്റെ ഉത്തരവാദിത്തവും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി സ്വീകരിച്ചതും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ നടപടികളും വിശദമാക്കി സമഗ്രമായ ഒരു റിപ്പോർട്ട് പാലക്കാട് ഡി.ആർ.എമ്മും കോഴിക്കോട് സ്റ്റേഷൻ മാനേജരും 10 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ജൂലൈ 24 ന് വെസ്റ്റ്ഹിൽ പൊതുമരാമത്ത് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

അപകടം ഗൗരവത്തോടെ കാണുന്നതായി ജുഡീഷ്യൽ അംഗം. കെ. ബൈജുനാഥ് പറഞ്ഞു. കരാർ കമ്പനിയുടെ ജാഗ്രതയില്ലായ്മയാണ് അപകടത്തിന് കാരണമായതെന്ന വാർത്തകൾ ആശങ്കാജനകമാണ്. രക്ഷാ പ്രവർത്തനം നടത്താൻ ആവശ്യമായ ഉപകരണങ്ങളില്ലാതിരുന്നു എന്ന വാർത്ത പൊതുജനങ്ങളുടെ ജിവനും സുരക്ഷിതമായി ജീവിക്കാനുമുള്ള അവകാശവുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമാണെന്നും ഉത്തരവിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസും പരാതി നൽകിയിരുന്നു..

 

 

 

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!