കൊയിലാണ്ടി: ഇന്ത്യൻ റെയിൽവേയിൽ നിയമന നിരോധനം നടപ്പാക്കി മുപ്പതിനായിരത്തോളം തസ്തികകൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. പൊതുമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെയിൽവേ ഒഴിവുകൾ നികത്താതെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ എഐടിയുസി നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെയിൽവേയിൽ ജീവനക്കാരുടെ ക്ഷാമം ഉള്ളപ്പോൾ തന്നെയാണ് വീണ്ടും തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത്. പുതിയ പാതകളും കൂടുതൽ തീവണ്ടികളും വന്നതു വഴി കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ട സമയത്താണ് ഇത്തരമൊരു നീക്കം ഉണ്ടാവുന്നത്. റെയിൽവേയെ പൂർണമായി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മൂന്നര ലക്ഷത്തിലേറെ തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നതെന്നും പി ഗവാസ് വ്യക്തമാക്കി. എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ അധ്യക്ഷത വഹിച്ചു. എഐടിയുസി നേതാക്കളായ അഡ്വ. എസ് സുനിൽ മോഹൻ, സി സുന്ദരൻ, പി സുരേഷ് ബാബു യു സതീശൻ, സദാനന്ദൻ സി പി, ടി എം ശശി എന്നിവർ സംസാരിച്ചു. സന്തോഷ് കുന്നുമ്മൽ സ്വാഗതവും പി വി മാധവൻ നന്ദിയും പറഞ്ഞു.










