കോഴിക്കോട്: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വലിയൊരു ജനകീയ ഐക്യനിര പടുത്തുയർത്തണമെന്ന് എഐബിഇഎ ജോയിന്റ് സെക്രട്ടറി ബി രാം പ്രകാശ്. ലേബർ കോഡിന്റെ വിപത്ത് മനസിലാക്കി എല്ലാ ട്രേഡ് യൂണിയനുകളും ഐക്യപ്പെടണം. തൊഴിലാളികളുടെ അവകാശങ്ങൾ നിലനിർത്താൻ പോരാട്ടങ്ങളല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ എൺപതാം വാർഷികത്തിന്റെ ഭാഗമായി ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ‘ഇന്ത്യൻ തൊഴിലാളിയും ലേബർ കോഡുകളും’ എന്ന പബ്ലിക് സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു ബി രാം പ്രകാശ്.
കാലങ്ങള്‍ നീണ്ട പോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗം നേടിയെടുത്ത അവകാശങ്ങളും രാജ്യത്തെ തൊഴിൽ നിയമങ്ങളും ഇല്ലാതാക്കുന്നതാണ് ലേബർ കോഡ്. തൊഴിൽ മേഖലയിലെ കുത്തകകളെ സഹായിക്കാൻ അവർക്ക് അനുകൂലമായ രീതിയിൽ രൂപപ്പെടുത്തിയ ലേബർ കോഡുകള്‍ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കും. തൊഴിലാളികൾക്ക് ലഭിക്കുന്ന മുഴുവൻ പരിരക്ഷയും ഇല്ലാതാക്കാനാണ് ഇതിലൂടെ നീക്കം നടക്കുന്നത്. സ്ഥിരം ജോലിയെന്ന സങ്കൽപ്പം രാജ്യത്ത് ഇല്ലാതാവുകയും എപ്പോൾ വേണമെങ്കിലും ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടാമെന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. മാന്യമായ വേതനം ലഭിക്കണമെന്ന ആവശ്യമുയരുമ്പോൾ തന്നെയാണ് തൊഴിലാളികൾക്ക് മിനിമം വേതനം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നത്. തൊഴിലാളി സംഘടനകളെ ഉൾപ്പെടെ നിരായധുരാക്കിക്കൊണ്ട് കരാർ ജോലി രാജ്യത്ത് വ്യാപകമാക്കാനാണ് ലേബർ കോഡിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐബിഇഎ ജില്ലാ സെക്രട്ടറി ബോധിസത്വൻ കെ റെജി സ്വാഗതം പറഞ്ഞു. ജില്ലാ ചെയർമാൻ വി വി രാജൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ്, എഐടിയുസി ജില്ലാ ട്രഷറർ പി വി മാധവൻ, എ കെ ബി ഇ എഫ് വൈസ് പ്രസിഡന്റ് കെ കെ സജിത്ത് കുമാർ, അസി. സെക്രട്ടറി നീതു വത്സൻ സംസാരിച്ചു. അർജുൻ എസ് ധർ നന്ദി രേഖപ്പെടുത്തി.










