കോഴിക്കോട്:ഓമശ്ശേരിയിൽ പെപ്പർ സ്പ്രേ അടിച്ച് സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം.പ്രതിയെ നാട്ടുകാർ പിടികൂടി.കോടഞ്ചേരി ചെമ്പ് കടവ് സ്വദേശി ടോണി ജോണിനെയാണ് പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ കായക്കോട്ടുമ്മൽ അജിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമശ്ശേരി താമരശ്ശേരി റോഡിലെ ‘ജനനന്മ’ സൂപ്പർ മാർക്കറ്റിലാണ് മോഷണശ്രമം നടന്നത്.
ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ യുവാവാണ് സൂപ്പർ മാർക്കറ്റിൽ കയറി മോഷണത്തിന് മുതിർന്നത്.
കാഷ്യറുടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച ശേഷം പണം കവരാനായിരുന്നു പ്രതിയുടെ ശ്രമം. അപ്രതീക്ഷിതമായ ആക്രമണത്തിലും പതറാതെ സൂപ്പർ മാർക്കറ്റ് ജീവനക്കാരും ഒപ്പം ഓടിയെത്തിയ നാട്ടുകാരും ചേർന്ന് പ്രതിയെ സംഭവസ്ഥലത്തു വെച്ചുതന്നെ തടഞ്ഞുവെക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.ജന സാന്നിധ്യമേഖലയിൽ രാത്രി ഒൻപത് മണിയോടെ ഉണ്ടായ മോഷണശ്രമം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.










