Wednesday, December 4, 2024
Latest

ജല- പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം


കോഴിക്കോട്;ജല- പരിസ്ഥിതി പരിപാലനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് കുന്ദമംഗലം ജലവിഭവവികസന വിനിയോഗ കേന്ദത്തിൽ (സി.ഡബ്ല്യു.ആർ.ഡി.എം) തുടക്കമായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ മൂന്നുദിവസങ്ങളിലായാണ് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. എം.കെ. ജയരാജ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സമഗ്രമായ ജല പരിപാലനത്തിനായി ആഗോളതലത്തിൽ തന്നെ വ്യത്യസ്തവും സമകാലീനവുമായ സമീപനങ്ങൾ പങ്കുവെക്കാനുള്ള വേദിയായിരിക്കുമിത്. ജലവിഭവ പരിപാലനം, ജല മലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ, ഭൂഗർഗ ജല പരിപാലനം, തണ്ണീർ തടങ്ങൾ, കാലവസ്ഥാ വ്യതിയാനം, നദീതടങ്ങൾ  തുടങ്ങിയ പത്ത് വിഷയങ്ങളിൽ ചർച്ചകൾ നടക്കും. വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളും ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും.

ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ, നീതി ആയോഗ് സീനിയർ അഡ്വൈസർ ഡോ. നീലം പട്ടേൽ, പ്രശസ്ത ജല ശാസ്ത്രഞ്ജൻ പ്രൊഫ. വിജയ് പി. സിംഗ്,  കെ.എസ്.സി.എസ്.ടി.ഇ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, സി.ഡബ്ല്യൂ.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.

ജൂൺ 24ലെ സമാപന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീനാ ഫിലിപ്പ്, പി.ടി.എ. റഹിം എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.


Reporter
the authorReporter

Leave a Reply