Tuesday, October 15, 2024
Politics

വടകര ചെമ്മരത്തൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം


വടകര: ചെമ്മരത്തൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം. 3 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 4 പേർക്ക് പരുക്ക്. മേക്കോത്തുമുക്ക് ചാക്കേരി മീത്തൽ ലിബേഷ് (34), അമ്മ കമല (56), ഭാര്യ രശ്മി (22) എന്നിവർക്കും കുഞ്ഞിനുമാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 11.30ന് 15 പേരുള്ള സംഘം ആയുധങ്ങളുമായി എത്തി ആക്രമിച്ചെന്നാണ് പരാതി. കണ്ടാലറിയാവുന്ന സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിലാണ് പൊലീസിൽ പരാതി നൽകിയത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കൊടി നശിപ്പിച്ചതിനെച്ചൊല്ലി പ്രദേശത്ത് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഓണത്തിന് ലിബേഷിന്റെ നേതൃത്വത്തി‍ൽ കിറ്റ് വിതരണം നടത്തിയപ്പോൾ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിജെപി ആരോപിച്ചു. ഇതിന്റെ തുടർച്ചയായി വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകൾ പ്രകടനവും പൊതുയോഗവും നടത്തി.

ചെമ്മരത്തൂരിൽ വീട്ടിൽ കയറി അക്രമം നടത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് സിപിഎം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഏതാനും ബിജെപിക്കാർ മദ്യ ലഹരിയിൽ ബഹളം വച്ചതിനെ തുടർന്നുള്ള തർക്കത്തെ വീട്ടിൽ കയറി ആക്രമിച്ചു എന്നാക്കി മാറ്റുകയായിരുന്നു. സിപിഎം യോഗത്തിൽ പി.പി.ഹരീഷ് ആധ്യക്ഷ്യം വഹിച്ചു.


Reporter
the authorReporter

Leave a Reply