ChramamLatestPolitics

വിട വാങ്ങിയത് സഹകാരികളിലെ മുൻനിരക്കാരൻ; രമേശൻ പാലേരിയുടെ മാനുഷിക സമീപനം ഹൃദയങ്ങളിൽ മായാത്ത ഓർമയായി നിലനിൽക്കും: സിപിഐ

Nano News

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് പ്രമുഖ സഹകാരികളിൽ മുൻനിര ക്കാരനെയെന്ന് സിപിഐ. രമേശൻ പാലേരിയുടെ മാനുഷിക സമീപനം ഏവരുടെയും ഹൃദയങ്ങളിൽ മായാത്ത ഓർമയായി നിലനിൽക്കുമെന്നും സിപിഐ ജില്ലാ കൗൺസിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

തൊഴിലാളികളുടെ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി ആരംഭിച്ച സ്ഥാപനം ഇന്ന് അടിസ്ഥാന സൗകര്യ വികസനം മുതൽ വിവരസാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് രാജ്യത്തിന് തന്നെ മാതൃകയായ സഹകരണ സംരംഭമായി വളർന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും കർമനിരതമായ ഇടപെടലിൻ്റെയും നേതൃത്വപാടവത്തിന്റെയും ഫലമാണ്. ഏത് സ്ഥാനത്തായിരുന്നാലും സാധാരണ മനുഷ്യരോട് അതീവ വിനയത്തോടെയും ആത്മാർത്ഥതയോടെയും പെരുമാറിയ വ്യക്തിത്വമായിരുന്നു രമേശൻ പാലേരി. സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും തൊഴിലാളി സമൂഹത്തിന്റെ ഉന്നമനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ കേരളത്തിന്റെ പൊതുസമൂഹം എന്നും ആദരവോടെ സ്മരിക്കും. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ സഹകരണ മേഖലയ്ക്ക് തീരാനഷ്ടമാണ്. അദ്ദേഹം സ്പർശിച്ച അനേകം മനുഷ്യരുടെ ഹൃദയങ്ങളിലും കേരളത്തിന്റെ സഹകരണ ചരിത്രത്തിലും രമേശൻ പാലേരി എന്നും സജീവ സാന്നിധ്യമായി നിലനിൽക്കുമെന്ന് സിപി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അനുശോചന കുറിപ്പിൽ പറഞ്ഞു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അസി. സെക്രട്ടറി സത്യൻ മൊകേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി വി ബാലൻ, കെ കെ ബാലൻ മാസ്റ്റർ, ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി എന്നിവർ ടൗൺ ഹാളിൽ അന്തിമോപചാരം അർപ്പിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!