കടലുണ്ടി: റെയിൽവേ സ്റ്റേഷനു സമീപം അടച്ചിട്ട 2 വീടുകളിൽ മോഷണം. ഐറ്റുവളപ്പിൽ സുഫിയാൻ മൻസിലിൽ സഫറുല്ല, അരളുഴി പാലത്തിനു സമീപം തയ്യിൽ ഹബീബ് റഹ്മാൻ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ രാത്രി കള്ളൻ കയറിയത്. സഫറുല്ലയുടെ വീട്ടിൽ നിന്നു 3,000 രൂപയും ഹബീബ് റഹ്മാന്റെ വീട്ടിൽ നിന്നു 2500 രൂപയും നഷ്ടപ്പെട്ടു. രണ്ടിടത്തും മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണു കള്ളൻ അകത്തു കയറിയത്. ഓണം അവധിയെ തുടർന്നു 12ന് വൈകിട്ട് കൊല്ലത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു സഫറുല്ലയുടെ കുടുംബം.
രാവിലെ ഭാര്യയുടെ ഉമ്മ വീട്ടിൽ എത്തിയപ്പോൾ മുൻവശത്തെ വാതിൽ പൊളിച്ചതായി കണ്ടു. ഉടൻ നാട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസ് അകത്തു കയറി പരിശോധിച്ചപ്പോൾ 3 കിടപ്പു മുറികളിലെ അലമാരകൾ കുത്തിത്തുറന്നതായി കാണപ്പെട്ടു. രണ്ടിടത്തും അലമാരയിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. 14ന് രാത്രി വീട് അടച്ച് എടവണ്ണപ്പാറ കീഴുപറമ്പിലെ ഭാര്യയുടെ വീട്ടിൽ പോയതായിരുന്നു ഹബീബ് റഹ്മാന്റെ കുടുംബം.
രാവിലെ അയൽക്കാർ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു വിവരം സമീപത്തുള്ള ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവരുടെ 2 കിടപ്പു മുറികളിലെ അലമാരകൾ കുത്തിത്തുറന്നു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദിഖ്, ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, ഔട്ട് പോസ്റ്റ് എസ്ഐ ടി.പി.സജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.