വ്രതവിശുദ്ധിയുടെ ആത്മചൈതന്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലി കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
ആത്മനിയന്ത്രണത്തിലൂടെ മനസും ശരീരവും ധന്യമാക്കിയ നിര്‍വൃതിയിലാണ് വിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടും പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ നേര്‍ന്നും പെരുന്നാള്‍ സ്‌നേഹം കൈമാറും. ഒമാനില്‍ ഇന്നലെ മാസപ്പിറവി കണ്ടതിനാലും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ റമദാന്‍ 30 പൂര്‍ത്തിയാക്കിയതിനാലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. ഇന്ത്യയില്‍ ഡല്‍ഹി, ലഖ്‌നൗ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും കര്‍ണാടകയിലും ഇന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെയാണ് പെരുന്നാള്‍.