കോഴിക്കോട് : നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുൻ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന മണിയൂർ ഇ. ബാലൻ്റെ സ്മരണാർത്ഥം യുവകലാസാഹിതി മണിയൂർ ഇ. ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഗെയിം പ്ലാൻ എന്ന ചെറുകഥാസമാഹാരത്തിന്റെ രചയിതാവ് ഡോ. വത്സലൻ വാതുശ്ശേരിയെ തെരഞ്ഞെടുത്തു. കഥാകൃത്തും നോവലിസ്റ്റും നിരൂപകനും അധ്യാപകനും ഗവേഷകനും തിരക്കഥാകൃത്തുമാണ് ഡോ. വത്സലൻ വാതുശ്ശേരി. അലീഗഡ് മുസ്ലിം സർവ്വകലാശാല, മയ്യഴി ഗവൺമെൻ്റ് കോളേജ്,കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു അദ്ദേഹം. പുതിയ കാലത്തിൻ്റെ അനുഭവങ്ങളും സംഘർഷങ്ങളും കൈയടക്കത്തോടെ ആവിഷ്കരിച്ച പത്ത് ചെറുകഥകളുടെ സമാഹാരമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഗെയിം പ്ലാൻ.
11,111/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 9ന് തിക്കോടിയിൽ വച്ച് നടക്കുന്ന മണിയൂർ ഇ. ബാലൻ അനുസ്മരണ പരിപാടിയിൽ വച്ച് പുരസ്കാരം സമ്മാനിക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.










