General

തിരുവനന്തപുരം- ബംഗളുരു ബസുകള്‍ തടഞ്ഞു; യാത്രക്കാരെ ഇറക്കിവിട്ടു


തിരുവനന്തപുരം-ബെംഗളൂരു ബസുകള്‍ തടഞ്ഞ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. നാഗര്‍കോവിലില്‍ വച്ചാണ് ബസുകള്‍ തടഞ്ഞത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് എം.വി.ഡിയുടെ നടപടി. നാഗര്‍കോവില്‍ വടശ്ശേരി ബസ് സ്റ്റാന്‍ഡില്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പോയ നാല് ബസുകളാണ് പിടിച്ചിട്ടത്. ഇതോടെ നിരവധി യാത്രക്കാരാണ് അര്‍ധരാത്രിയില്‍ പെരുവഴിയിലായത്.

ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകള്‍ തമിഴ്‌നാട്ടിലൂടെ റൂട്ട് സര്‍വീസ് നടത്തുന്നത് തടഞ്ഞുകൊണ്ടു അടുത്തിടെ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി വേണമെന്ന നിലപാടെടുത്തതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നതെന്നാണ് ഉടമകള്‍ വിശദീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ബസുകള്‍ തടഞ്ഞിട്ടതായുള്ള വാര്‍ത്തയെത്തിയത്.
*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*


Reporter
the authorReporter

Leave a Reply