കോഴിക്കോട്: ഏറെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ ആദ്യം അവരുടെ കണ്ണുകൾ നിറഞ്ഞു. പിന്നെയവർ തമാശകൾ പറഞ്ഞു. ചിരിച്ചു. ഒന്നിച്ചു ഭക്ഷണം കഴിച്ചു. ശാരീരിക അവശതകൾ കാരണം വീടുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവന്ന അവർക്കെല്ലാം എന്നും ആശ്വമായിരുന്നു ഓരോ വർഷവുമുള്ള ഈ ഒത്തു ചേരൽ. പാട്ടുപാടിയും സ്നേഹവും സന്തോഷവും പങ്കിട്ടും ഒത്തുചേരൽ അവർ ആഘോഷമാക്കി. ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചൽ സ്റ്റാർസിന്റെ പതിമൂന്നാം വാർഷികം ‘ചങ്ങാത്തപ്പന്തൽ 2026’ വേറിട്ട അനുഭവമായി. ചേമഞ്ചേരിയിലെ അഭയം സ്പെഷ്യൽ സ്കൂളുമായി സഹകരിച്ച് സ്കൂൾ അങ്കണത്തിലായിരുന്നു പരിപാടി. മനോഹര ഗാനങ്ങളിലൂടെ ഗായകൻ ഫിദൽ പരിപാടിക്കെത്തിവയവരുടെ മനം കവർന്നു. ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, മധുലാൽ കൊയിലാണ്ടി, മണിദാസ് പയ്യോളി, മഹേഷ് എന്നിവർ പാട്ടുപാടിയും കോമഡികൾ അവതരിപ്പിച്ചും പരിപാടിക്ക് കൊഴുപ്പേകി. ഏയ്‍ഞ്ചൽ സ്റ്റാർസ് പ്രസിഡന്റ് പ്രഭാകരൻ എളാട്ടേരി, സെക്രട്ടറി സാബിറ, സത്യനാഥൻ മാടഞ്ചേരി, പ്രകാശൻ കുനിക്കണ്ടി, മമ്മത് കോയ, മിനി, ദിലേഖ, സുരക്ഷ പാലിയേറ്റീവ് അംഗങ്ങൾ, തണൽ കൊയിലാണ്ടി വളണ്ടിയേഴ്സ് എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവധ ഭാഗങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
നട്ടെല്ലിന്റെ വൈകല്യത്താൽ ശരീരത്തിനൊപ്പം ജീവിതവും തളർന്നുപോയ പാരാപ്ലീജിയ രോഗികൾക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചൽ സ്റ്റാർസ്. ഒന്നര വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്നാണ് 2013 ഫെബ്രുവരിയിൽ സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടന ഇന്ന് ഭിന്നശേഷിക്കാരുടെ വലിയൊരു കൂട്ടായ്മയാണ്.










