sports

യുഎസിനും ഇനി സൂപ്പര്‍ എട്ട് സ്വപ്നം കാണാം


ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയതോടെ യുഎസ് ക്രിക്കറ്റ് ടീം അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ എട്ടിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്റി സ്റ്റേഡിയത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ചരിത്രവിജയം. ടൂര്‍ണമെന്റില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിക്കാനും യുഎസിന് സാധിച്ചിരുന്നു. നിലവില്‍ അവര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ്. പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്. അയര്‍ലന്‍ഡിനെതിരായ മത്സരം ജയിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ എട്ടിലെത്തുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ പാകിസ്ഥാനെ അട്ടിമറിച്ചതോടെ യുഎസിനും ഇനി സൂപ്പര്‍ എട്ട് സ്വപ്‌നം കാണാം. ഇന്ത്യ, അയല്‍ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് ഇനി യുഎസിന് മത്സരങ്ങള്‍ ശേഷിക്കുന്നത്. ഇന്ത്യയെ തോല്‍പ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

എന്നാല്‍ ഇപ്പോഴത്തെ ഫോമില്‍ അയര്‍ലന്‍ഡിനെ അനായാസം തോല്‍പ്പിക്കാന്‍ യുഎസി സാധിച്ചേക്കും. പാകിസ്ഥാന്‍, ഇന്ത്യയോട് തോല്‍ക്കുക കൂടി ചെയ്താല്‍ യുഎസ് അവസാന എട്ടിലുണ്ടാവും. മറുവശത്ത് പാകിസ്ഥാനാവട്ടെ ഇനി എല്ലാ മത്സരങ്ങളും വിജയിക്കേണ്ട അവസ്ഥയാണിപ്പോള്‍. എന്തായാലും ഇന്ത്യ-പാക് മത്സരത്തോടെ ചിത്രം കുറെകൂടി വ്യക്തമാവും.
യുഎസ്എ – പാക് നിശ്ചിത സമയത്തെ കളിയില്‍ ഇരുടീമുകളും നേടിയത് 159 റണ്‍സായിരുന്നു. പിന്നാലെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. പാക് പേസര്‍ മുഹമ്മദ് ആമിറിന്റെ ഓവറില്‍ 18 റണ്‍സാണ് യുഎസ് സ്വന്തമാക്കിയത്. മറുപടിയായി യുഎസിന് വേണ്ടി പന്തെറിഞ്ഞത് സൗരഭ് നേത്രവല്‍ക്കര്‍. 19 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കാന്‍ സൗരഭിന് സാധിച്ചു.സൂപ്പര്‍ ഓവറില്‍ ആമിറിന് പാടേ പിഴച്ചു. യുഎസ് 11 റണ്‍സ് മാത്രമാണ് കളിച്ചുനേടിയത്. ബാക്കി ഏഴ് റണ്‍സ് പാകിസ്ഥാന്‍ താരങ്ങളുടെ സംഭാവനയായിരുന്നു. ഓവറില്‍ മൂന്ന് വൈഡുകള്‍ ആമിര്‍ എറിഞ്ഞു. ഈ പന്തുകളിലെല്ലാം യുഎസ് താരങ്ങളായ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിംഗും റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. മോശം ഫീല്‍ഡിംഗും പാകിസ്ഥാന് വിനയായി.


Reporter
the authorReporter

Leave a Reply