കോഴിക്കോട്: പ്രമുഖ സാംസ്കാരിക പ്രവർത്തകനും കവിയുമായിരുന്ന സി എം കേശവന്റെ സ്മരണ നിലനിർത്തുന്നതിനായി സി എം കേശവൻ അനുസ്മരണ സമിതി രൂപീകരിച്ചു. ദീർഘകാലം യുവകലാസാഹിതിയുടെ ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജോയിന്റ് കൗൺസിൽ രൂപീകരണ കാലം തൊട്ട് നേതൃത്വം നൽകി പ്രവർത്തിച്ചു. സിഎം കേശവൻ അനുസ്മരണ സമിതി രൂപീകരണ യോഗം കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ ടിവി ബാലൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ അഷ്റഫ് കുരുവട്ടൂർ വിശദീകരണം നടത്തി. പി വി മാധവൻ, അഹമ്മദ്കുട്ടി കുന്നത്ത്, അഡ്വ. എ കെ സുകുമാരൻ, ഡോ. വി എൻ സന്തോഷ് കുമാർ, സി പി സദാനന്ദൻ, എം എ ബഷീർ, സുകേഷ് കേശവ് എന്നിവർ സംസാരിച്ചു. കെ വി സത്യൻ സ്വാഗതവും ടി എം സജീന്ദ്രൻ നന്ദിയും പറഞ്ഞു.
എം കെ പ്രജോഷ് പ്രസിഡന്റും അഷ്റഫ് കുരുവട്ടൂർ സെക്രട്ടറിയും ടി എം സജീന്ദ്രൻ ട്രഷററുമായി 21 അംഗ അനുസ്മരണ സമിതി രൂപീകരിച്ചു. മേയ് 30 ന് നടക്കുന്ന അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണ ചടങ്ങും വിജയിപ്പിക്കുന്നതിന് മേയ് ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് എഐടിയുസി. ഹാളിൽ വെച്ച് സംഘാടക സമിതി രൂപീകരിക്കും.














