കോഴിക്കോട്: കോര്‍പ്പറേഷന്‍ അനധികൃത കെട്ടിട നമ്പര്‍ നല്‍കിയ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തുന്ന സപ്തദിന സത്യഗ്രഹസമരത്തിന് ഐഖ്യദാർഢ്യവുമായി വിവിധ സംഘടനകള്‍. വന്‍ ജനപിന്തുണയോടെ സമരം നാലാം ദിവസം പിന്നിട്ടു. കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ 38-ാം ഡിവിഷൻ കൗണ്‍സിലര്‍ രമ്യ സന്തോഷിന്റെ നേത്യത്വത്തില്‍ നടന്ന സമരം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന അഴിമതിക്ക് പിന്നില്‍ എല്‍ഡിഎഫ്-യുഡിഎഫ് കൂട്ടുക്കെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോടിന്റെ പ്രൗഢിയും പ്രതാപവുമെല്ലാം കേരളം ഭരിച്ച രണ്ട് പാര്‍ട്ടികള്‍ തകര്‍ത്തു കഴിഞ്ഞു. അഴിമതിയുടെ കഥമാത്രമാണ് ഇന്ന് നഗരത്തിന് പറയാനുള്ളത്. വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി കേസുകളിലെ അന്വേഷണം വന്ന് മുട്ടുന്ന ഭാഗങ്ങള്‍ കത്തുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്. ജനങ്ങള്‍ക്ക് പ്രയോജനപ്രദമുള്ള പദ്ധതികളോടല്ല, നേരെ മറിച്ച് അഴിമതിക്ക് സാധ്യതയുള്ള പദ്ധതികളോടാണ് കോഴിക്കോട് കോര്‍പ്പറേഷന് താല്‍പര്യമെന്നും സമരത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.
കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി. മുരളി അധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി. വിജയലക്ഷ്മി, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി , മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി, വാസുദേവന്‍ നമ്പൂതിരി, സദാനന്തന്‍ ആയാടത്തില്‍, സെല്‍ കോഡിനേറ്റര്‍ ടി. ചാക്രായുധന്‍, കെ. ഹരിഹരന്‍, രവി രാജ്, മോഹനന്‍ ഇല്ലത്ത്, കെ. ഗിരീഷ് ബബീഷ് ഒളവണ്ണ സംസാരിച്ചു. കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, സി.എസ്. സത്യഭാമ, എന്‍. ശിവപ്രസാദ്, ടി. രനീഷ്, സരിത പറയേരി, അനുരാധ തായാട്ട് എന്നിവർ നേത്യത്വം നല്‍കി.