കോഴിക്കോട്: താമരശ്ശേരി ചുടലമുക്കിൽ വയോധികരെ മക്കൾ രാത്രി വീട്ടിൽ നിന്ന് ഇറക്കി വിടുകയും, വീട്ടു സാധനങ്ങൾ പുറത്തിട്ട് വീട് അടച്ചു പൂട്ടുകയും ചെയ്തു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിജസ്ഥിതി അറിയാൻ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകനും, കെ ആർഎംയു കോഴിക്കോട് ജില്ലാ മീഡിയാ കൺവീനറുമായ മജീദ് താമരശ്ശേരിയെ മർദ്ദിച്ചതിൽ KRMU ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ റഫീഖ് തോട്ടുമുക്കത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ സെക്രട്ടറി ഫ്രാൻസിസ്, ലാൽ കുന്ദമംഗലം, മുഹമ്മദ് കക്കാട്, നിബിൻ, ഫൈസൽ കൊടിയത്തൂർ, ഹബീബി തിരുവമ്പാടി, രാമകൃഷ്ണൻ തുടങ്ങിയവർ
സംസാരിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് താമരശ്ശേരിക്ക് സമീപം ചുടലമുക്കിൽ താമസിക്കുന്ന കൂടത്തിക്കൽ ചന്ദ്രനേയും, ഭാര്യ ഓമനയേയുമാണ് മക്കളായ സായ്കുമാർ, സനൂപ് എന്നിവർ ചേർന്ന് വീട്ടിൽ നിന്നും പുറത്താക്കി വീട് അടച്ചു പൂട്ടിയത്, പിന്നീട് പോലീസ് എത്തി രാത്രി 8 മണിയോടെയാണ് ഇവരുടെ സാധനങ്ങൾ വീട്ടിൽ നിന്നും പുറത്തെടുക്കാനുള്ള സഹായം ചെയ്തു കൊടുത്തു.
താമസിക്കുന്ന 43 സെൻറ് സ്ഥലവും, വീടും സായ്കുമാറിൻ്റെ പേരിലാണ്, ചന്ദ്രൻ്റെ പേരിലുള്ള സ്വത്തിൻ്റെ വിഹിതം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മക്കളുടെ ക്രൂരത. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തി ചന്ദ്രനോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മക്കളായ സായ്കുമാർ, സനൂപ്, സായ്കുമാറിൻ്റെ ഭാര്യാപിതാവ് മറ്റ് കണ്ടാൽ അറിയാവുന്ന അഞ്ചു പേരും ചേർന്ന് മർദ്ദിച്ചത്.സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.